തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ ലൈംഗികാതിക്രമ കേസുകളിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രണ്ടാംഘട്ട നടപടിയിലേക്ക്. കൂടുതൽ നടിമാർ വെളിപ്പെടുത്തലുകളുമായി വരുന്നതോടൊപ്പം വിവിധ സ്റ്റേഷനുകളിൽ കൂടുതൽ കേസുകളും രജിസ്റ്റർ ചെയ്തു. സംവിധായകൻ രഞ്ജിത്തിനും ജയസൂര്യക്കും ശേഷം നടൻ മുകേഷിനെതിരെ രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തു. ഇതോടെ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിധിയിൽ 16 കേസായി.
സിദ്ദീഖിനെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ തെളിവെടുപ്പ് നടത്തി. സിദ്ദീഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണസംഘത്തിന് കാണിച്ചുകൊടുത്തു. കേസിനാസ്പദമായ സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ദീഖ് താമസിച്ചതെന്ന് സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂർണമായും വിഡിയോയിൽ ചിത്രീകരിച്ചു.
സിദ്ദീഖ് ഹോട്ടലിൽ താമസിച്ചതിനുള്ള രേഖകൾ നേരത്തേ ശേഖരിച്ചെങ്കിലും പരാതിക്കാരി ഹോട്ടൽ സന്ദർശിച്ചതിനുള്ള തെളിവ് ലഭിച്ചിട്ടില്ല. പഴയ സന്ദർശക രജിസ്റ്ററുകൾ ലഭ്യമാക്കാൻ ഹോട്ടൽ അധികൃതർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഹോട്ടൽ രജിസ്റ്ററിൽ ഒപ്പിട്ടാണ് മുറിയിലേക്ക് പോയതെന്നായിരുന്നു പരാതിക്കാരിയുടെ മൊഴി. സിദ്ദീഖിനൊപ്പം രണ്ട് നടന്മാർ കൂടി അന്ന് ഹോട്ടലിൽ ഉണ്ടായിരുന്നതായി പഴയ ജീവനക്കാർ മൊഴി നൽകി.
ഇവരെയും കേസിൽ സാക്ഷികളാക്കും. പരമാവധി വസ്തുത പരിശോധനയും തെളിവുശേഖരണവും നടത്തിയശേഷം തുടർനടപടി സ്വീകരിച്ചാൽ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.നടൻ ജയസൂര്യക്കെതിരെ കരമന പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസ് തൊടുപുഴ സ്റ്റേഷനിലേക്ക് കൈമാറി. തൊടുപുഴ പൊലീസ് കേസ് വീണ്ടും രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രത്യേകസംഘത്തിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.