കാസർകോട്: 2023 ആഗസ്റ്റിൽ നടത്തിയ സ്പെഷൽ കെ-ടെറ്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് വിതരണം ഇനിയും നടത്തിയില്ല. ഇതുസംബന്ധിച്ച് പരീക്ഷാഭവനിൽ ബന്ധപ്പെടുമ്പോൾ ഉടൻ വിതരണം ചെയ്യുമെന്ന പതിവ് പല്ലവി മാത്രമാണെന്ന് ഉദ്യോഗാർഥികർ പറയുന്നു. ‘വളരെ അടിയന്തരം’ എന്ന സർക്കുലർ പ്രകാരം പരീക്ഷ കമീഷണറുടെ കാര്യാലയം 29.01.24 ഇറക്കിയ ഉത്തരവിൽ പറയുന്നത് 30.01.2024 മുതൽ 03.02.24 വരെ ജില്ല വിദ്യാഭ്യാസ ഓഫിസിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തേണ്ടതാണ് എന്നാണ്.
എന്നാൽ, അടിയന്തര പ്രാധാന്യത്തോടെ ഇറക്കിയ സർക്കുലറിന്റെ കാര്യത്തിൽ മുന്നോട്ടുള്ള നടപടി ഇനിയുമുണ്ടായിട്ടില്ല എന്നാണ് ആരോപണം. പൊതുവിദ്യാഭ്യാസ വകുപ്പ് സർവിസിലുള്ള അധ്യാപകർക്ക് പ്രത്യേകമായി നടത്തിയ കെ-ടെറ്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റാണ് പരീക്ഷ നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും വിതരണം ചെയ്യാത്തത്. 2023 സെപ്റ്റംബർ 10നാണ് പരീക്ഷ നടന്നത്. സംസ്ഥാനമാകെ 2881 പേർ പരീക്ഷ എഴുതിയതിൽ 251 പേരാണ് ജയിച്ചത്. സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ അധ്യാപകർക്ക് എല്ലാ ആനുകൂല്യത്തോടെയുമുള്ള ശമ്പളം ലഭിക്കുകയുള്ളൂ. ഇതുവരെ ലക്ഷങ്ങളാണ് ഈയിനത്തിൽ അധ്യാപകർക്ക് കിട്ടാനുള്ളത്.
അതോടൊപ്പം ഗ്രേഡ് പ്രമോഷൻ ഉൾപ്പെടെ ആവശ്യങ്ങൾക്ക് നിരവധി അധ്യാപകരാണ് ഈ സർട്ടിഫിക്കറ്റിന് കാത്തിരിക്കുന്നത്. അതേസമയം, ഡി.ഒയിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞെന്നും പരീക്ഷാഭവനിൽ അതിന്റെ ഫോട്ടോയുടേയും മറ്റും വെരിഫിക്കേഷൻ നടന്നുകൊണ്ടിരിക്കുകയാണെന്നും അത് പൂർത്തിയാക്കിയശേഷം അടുത്ത ആഴ്ചയോടുകൂടി വിതരണം ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും പരീക്ഷാഭവൻ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ വിഭാഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.