തിരുവനന്തപുരം: ജനജീവിതം സാധാരണനിലയിലായിട്ടും പാസഞ്ചറുകൾക്കും ജനറൽ കോച്ചുകൾക്കും റെയിൽവേയുടെ 'സ്പെഷൽ ലോക്ഡൗൺ'. സാധാരണ യാത്രക്കാർ ആശ്രയിക്കുന്ന ഹ്രസ്വദൂര ട്രെയിനുകളും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാവുന്ന ജനറൽ കോച്ചുകളും പുനരാരംഭിക്കണമെന്ന് സംസ്ഥാന സർക്കാർ പലവട്ടം ആവശ്യപ്പെട്ടിട്ടും പ്രതികരണമുണ്ടായിട്ടില്ല.
ട്രെയിൻ സർവിസുകൾ പഴയ പടിയാകാത്തത് മൂലം സംസ്ഥാനത്തെ ഗതാഗതമേഖല പുനഃസ്ഥാപിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ ബോർഡ് ചെയർമാനും ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കുമാണ് ഒടുവിൽ ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കത്ത് നൽകിയത്. യാത്ര ദുസ്സഹമാകുന്നത് സൂചിപ്പിച്ച് യാത്രക്കാരുടെ സംഘടനകളും സമീപിച്ചെങ്കിലും റെയിൽവേക്ക് കുലുക്കമില്ല. ദക്ഷിണ റെയിൽവേ മറ്റ് പല ഡിവിഷനുകളിലും യാത്രക്കാരുടെ വലിയ പ്രക്ഷോഭം തന്നെ തുടങ്ങിയിട്ടുണ്ട്.
ഡിസംബറോടെ സാധാരണനിലയിലുള്ള സർവിസുകൾ സജ്ജമാകാൻ എല്ലാ ഡിവിഷനുകൾക്കും റെയിൽവേ ബോർഡ് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയെങ്കിലും ജനുവരി അവസാനമാകുേമ്പാഴും സർവിസുകൾ ആരംഭിക്കുന്നതിനുള്ള അനുമതി നൽകിയിട്ടില്ല. നിലവിൽ പഴയ ട്രെയിനുകളുടെ സമയത്തിൽ സ്പെഷൽ ട്രെയിനുകളാണ് ഒാടുന്നത്.
ഇതിൽ സീസൺ ടിക്കറ്റടക്കം ആനുകൂല്യങ്ങളില്ല. ഇതോടൊപ്പം കുറഞ്ഞ നിരക്കിലുള്ള സർവിസുകൾ ഒാപറേറ്റ് ചെയ്യാത്തത് മൂലം റെയിൽേവക്ക് വലിയ സാമ്പത്തികലാഭമാണുള്ളത്. ജനറൽ കോച്ചുകളെ ആശ്രയിക്കുന്നവർ ഗത്യന്തരമില്ലാതെ റിസർവ്കോച്ചുകളിലേക്ക് മാറുന്നത് വഴിയുള്ള വരുമാന വർധനയാണ് പുതിയ പാസഞ്ചറുകളുടെയും ജനറൽ കോച്ചുകളുടെയും കാര്യത്തിലെ ചവിട്ടിപ്പിടിത്തത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
സീസൺ ടിക്കറ്റിലടക്കം റെയിൽവേയുടെ ശാഠ്യത്തിൽ നടുവൊടിയുന്നത് സാധാരണക്കാരായ പ്രതിദിന യാത്രക്കാരാണ്. ഒന്നുകിൽ ചെറിയ യാത്രകൾക്ക് പോലും റിസർവ് ചെയ്യണം. അല്ലെങ്കിൽ മറ്റ് യാത്രാമാർഗങ്ങൾ തേടണം. െഎ.ആർ.സി.ടി.സിയുടെ റിസർവേഷൻ നിബന്ധനകളും വലിയ വെല്ലുവിളിയാണ്. ഒരു അക്കൗണ്ടിൽ നിന്ന് ആറ് ടിക്കറ്റുകളാണ് പ്രതിമാസം െഎ.ആർ.സി.ടി.സി അനുവദിക്കുന്നത്. ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകളാണെങ്കിൽ 12 ഉം. ഇൗ പരിധി തികയുന്നവർക്ക് റിസർവേഷൻ കൗണ്ടറുകളിലെ നീണ്ട നിരകളാണ് ആശ്രയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.