തിരുവനന്തപുരം: പട്ടികജാതി-വർഗ സ്പെഷൽ റിക്രൂട്ട്മെൻറിൽ സർക്കാർ അനാസ്ഥക്കെതിരെ പൊട്ടിത്തെറിച്ച് ഡെപ്യൂട്ടി സ്പീക്കർ വി. ശശി.
മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ വിഡിയോ കോൺഫറൻസിലൂടെ നടത്തിയ പട്ടികജാതി-വർഗ പ്രാതിനിധ്യ അവലോകന കമ്മിറ്റിയുടെ യോഗത്തിലാണ് സംവരണ തസ്തികകളിൽ വിവിധ വകുപ്പുകൾ നടത്തുന്ന അട്ടിമറിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ സംസാരിച്ചത്.
ഇടത് സർക്കാർ അധികാരത്തിൽവന്നശേഷം വിവിധ വകുപ്പുകളിൽ തസ്തികകൾ കണ്ടെത്തുന്നതിലും നിയമനം നൽകുന്നതിലും പുരോഗതിയുണ്ടായെന്ന മന്ത്രി എ.കെ. ബാലെൻറ വാദത്തെ ഡെപ്യൂട്ടി സ്പീക്കർ എതിർത്തു.
ചർച്ചക്കൊടുവിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് സ്പെഷൽ റിക്രൂട്ട്മെൻറ് വഴി സംവരണം ചെയ്ത തസ്തികകൾ ഒരു മാസത്തിനുള്ളിൽ അതത് വകുപ്പുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിരിക്കണമെന്ന് യോഗം നിർദേശം നൽകി.
ഇടത് സർക്കാർ അധികാരത്തിൽ വന്നശേഷം 59 സർക്കാർ ഉത്തരവുകളിലൂടെ സംവരണം ചെയ്ത 1674 തസ്തികകളിൽ 99 ശതമാനത്തിലും നിയമനം നടന്നിട്ടില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ പി.എസ്.സിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണുണ്ടായത്.
സർക്കാറിെൻറ കെടുകാര്യസ്ഥതക്ക് ഉദാഹരണമായി മൃഗസംരക്ഷണ വകുപ്പിലെ തസ്തികയുടെ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മൃഗസംരക്ഷണ വകുപ്പിൽ 24 വർഷം മുമ്പ് പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത ഒരു തസ്തികയിൽ ഇതുവരെ നിയമനം നടത്തിയിട്ടില്ല.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നൽകിയിരുന്നതായും അദ്ദേഹം യോഗത്തെ അറിയിച്ചു. ആ കത്തിന്മേൽ സ്വീകരിച്ച നടപടികൾ പൊതുഭരണ വകുപ്പ് സെക്രട്ടറി വ്യക്തമാക്കണമെന്നും ഡെപ്യൂട്ടി സ്പീക്കർ ആവശ്യപ്പെട്ടു.
ചില തസ്തികകളിലേക്കുള്ള സ്പെഷൽ റൂൾസിെൻറ അഭാവത്തിൽ പല തസ്തികകളിലും അഡ്വൈസ് നൽകാൻ കഴിയുന്നില്ലെന്ന പിഎസ്.സി സെക്രട്ടറിയുടെ മറുപടിയോടും വി. ശശി വിയോജിച്ചു.
സ്പെഷൽ റൂൾസ് നിലവിലില്ലെങ്കിൽ എക്സിക്യൂട്ടിവ് ഉത്തരവിലൂടെ നിയമനം നൽകാമെന്ന് മുൻ യോഗങ്ങളിൽ വ്യക്തമാക്കിയിരുന്നെന്നും അതിനുള്ള നടപടികൾ പൊതുഭരണ (എംപ്ലോയ്മെൻറ് സെൽ) വകുപ്പ് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2000 ജനുവരി ഒന്ന് വരെയുള്ള പട്ടികജാതി-വർഗ പ്രാതിനിധ്യം സംബന്ധിച്ച് എല്ലാ വകുപ്പുകളും വാർഷിക അവലോകന യോഗങ്ങൾ പൂർത്തീകരിക്കണമെന്നും യോഗം നിർദേശിച്ചു.
എം.എൽ.എമാരായ എ.പി. അനിൽകുമാർ, ബി. സത്യൻ, വി.പി. സജീന്ദ്രൻ, പുരുഷൻ കടലുണ്ടി തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.