കൊച്ചി: മെഡിക്കൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ സർവകലാശാല അടിയന്തരമായി സമർപ്പിച്ച ഹരജിയിൽ ഇന്ന് ഹൈകോടതിയുടെ പ്രത്യേക സിറ്റിങ്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പഗത്ത് എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ച് ഉച്ചക്ക് 1.45നാണ് പ്രത്യേക സിറ്റിങ് നടത്തുന്നത്.
നിലവിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന സുരക്ഷ മെഡിക്കൽ വിദ്യാർഥികൾക്കും നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. കൊട്ടാരക്കരയിൽ യുവ ഡോക്ടർ പൊലീസ് ആശുപത്രിയിൽ പരിശോധനക്കെത്തിച്ച ക്രിമിനൽ കേസ് പ്രതിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സർവകലാശാല കോടതിയെ വീണ്ടും സമീപിച്ചത്.
മുമ്പ് ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ഹൈകോടതി സംസ്ഥാന സർക്കാറിന് ശക്തമായ താക്കീത് നൽകിയിരുന്നു. സർക്കാർ നൽകിയ ഉറപ്പിനെ തുടർന്ന് ഹൈകോടതി തുടർനടപടി അവസാനിപ്പിച്ചിരുന്നു.
അക്രമം തടയൽ നിയമത്തിൽ നിയമനിർമാണം കൊണ്ടു വരുകയോ ഭേദഗതി കൊണ്ടു വരുകയോ ചെയ്യുമെന്നാണ് സർക്കാർ അന്ന് കോടതിക്ക് നൽകിയിരുന്ന ഉറപ്പ്. എന്നാൽ, ഉറപ്പ് സർക്കാർ നടപ്പാക്കിയില്ലെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയർന്നിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.