വിദ്വേഷ പ്രസംഗത്തില്‍ ‘പ്രമോദ് മുത്താലിഖ്’ ആയി ബി.ജെ.പി നേതാക്കള്‍



കാസര്‍കോട്: മംഗളൂരുവില്‍  മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധത്തില്‍ കേരളത്തിലെ ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ പരിധിവിട്ടു. കര്‍ണാടകത്തിലേക്ക് കാലെടുത്തുവെച്ച നേതാക്കളുടെ പ്രസംഗം, വിദ്വേഷ പ്രസംഗത്തില്‍ ഏറ്റവും കൂടുതല്‍ കോടതി കയറിയ ശ്രീരാമസേന നേതാവ് പ്രമോദ് മുത്താലിഖിനെ തോല്‍പിച്ചു. 2012 മേയ് 25ന് തൊടുപുഴ മണക്കാട്ട്, സി.പി.എം  ജില്ല സെക്രട്ടറിയായിരുന്ന എം.എം. മണി നടത്തിയ പ്രസംഗത്തോട് ഒപ്പംചേര്‍ത്തുവെക്കേണ്ടതായി ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍െറ പ്രസംഗം. ഈ ‘കൊലപ്രസംഗ’ത്തിന് പക്ഷേ, നടപടിയെടുക്കേണ്ടത് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറാണ്.  

‘ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കി കൈകാര്യം ചെയ്തു. ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ചു, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ  കുത്തിക്കൊന്നു’. ഇങ്ങനെ തുറന്നുപറഞ്ഞ മണിക്ക് പാര്‍ട്ടി സ്ഥാനം പോയി, വധക്കേസില്‍ പ്രതിയുമായി. തൊടുപുഴ അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയില്‍ ഈ കേസിന്‍െറ കുറ്റപത്രം വായിക്കുന്നതിന്‍െറ തലേദിവസമാണ് മണിയുടെ പ്രസംഗത്തില്‍ നിന്നും ഒട്ടും ഭിന്നമല്ലാത്ത സുരേന്ദ്രന്‍െറ പ്രസംഗം ‘ഓരോ കൊലക്കും ഞങ്ങള്‍ തിരിച്ചുകൊന്നിട്ടുണ്ട്’ എന്നുപറഞ്ഞത്. ആരെയൊക്കെയാണ് കൊന്നത് എന്ന് കേസെടുത്തശേഷം പറയേണ്ടത് സുരേന്ദ്രന്‍ തന്നെയാണ്.മുഖ്യമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് കിട്ടിയ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു ബി.ജെ.പി നേതാക്കളെന്ന് പറയുന്നു. 
എ.എന്‍. രാധാകൃഷ്ണന്‍, ബി. ഗോപാലകൃഷ്ണന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവരാന്‍ നാവ് ആയുധമാക്കുകയാണ് ചെയ്യുന്നതെന്നാണ് ആക്ഷേപം. 

മുഖ്യമന്ത്രിയെ തടയുന്നത് കുമ്മനം രാജേശേഖരന്‍, ഒ. രാജഗോപാല്‍ എന്നിവര്‍ എതിര്‍ത്തതോടെയാണ് ‘പ്രതിഷേധ’ത്തിലൊതുക്കിയത്. ആര്‍.എസ്.എസ് മംഗളൂരു ഘടകത്തിന്‍െറ സഹായം സുരേന്ദ്രന് ഭാവിയില്‍ ആവശ്യമാണെന്നതിനാലാണ് പ്രസംഗത്തില്‍ ‘ജനകീയനായ’ പ്രമോദ് മുത്താലിഖിന്‍െറ വഴി പിന്തുടര്‍ന്നതെന്നാണ് പറയുന്നത്.   

Tags:    
News Summary - speech of bjp leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.