വാഹനങ്ങളുടെ വേഗത: വി.ഐ.പികൾക്കും വി.വി.ഐ.പികൾക്കും ഒരിളവുമില്ലെന്ന്

കൊച്ചി: വാഹനങ്ങളുടെ വേഗപരിധിയിൽ വി.ഐ.പികൾക്കും വി.വി.ഐ.പികൾക്കും ഒരു ഇളവുമില്ലെന്ന് ട്രാൻസ്പോർട്ട് കമീഷണറേറ്റ്. വി.ഐ.പി വാഹനങ്ങളും അവരെ അനുഗമിക്കുന്നവരും റോഡിൽ ചീറിപ്പാഞ്ഞാൽ പിഴയീടാക്കേണ്ടതുതന്നെയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കേന്ദ്രം ഇത്തരത്തിൽ ഒരിളവും നൽകിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ അധികൃതർ വ്യക്തമാക്കുന്നത്.

സംസ്ഥാന സർക്കാറും ഇത്തരത്തിൽ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡന്‍റ്​ എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് പൊലീസ്, മോട്ടോർ വെഹിക്കിൾ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. എ.ഐ കാമറയിൽനിന്ന്​ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും അതേസമയം, അടിയന്തര ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങളായ ആംബുലൻസുകൾ, ഫയർ എൻജിനുകൾ, ദുരന്തനിവാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കി.

വി.ഐ.പികൾക്കും വി.വി.ഐ.പികൾക്കും അകമ്പടി വാഹനങ്ങൾക്കും വേഗപരിധിയിലും മറ്റ് മോട്ടോർവാഹന നിയമങ്ങളിലും ഇളവുണ്ടെന്ന പ്രചാരണമുണ്ടായിരുന്നു. മന്ത്രിമാർ, പ്രധാന പദവികൾ വഹിക്കുന്നവർ തുടങ്ങിയവരുടെ വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് എ.ഐ കാമറവഴി പിഴയീടാക്കില്ലെന്നായിരുന്നു ആദ്യഘട്ടത്തിൽ അധികൃതരിൽനിന്നുണ്ടായ വിശദീകരണം. 

Tags:    
News Summary - speed limit applicable to all VIP and VVIP vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.