കോടതി ഉത്തരവ് വന്നിട്ടും അനധികൃത നിര്‍മാണം തകൃതി; മറയായി നോട്ട് പ്രതിസന്ധിയും

തൊടുപുഴ: ഹൈകോടതി ഉത്തരവും റവന്യൂ വകുപ്പിന്‍െറ വിലക്കും ലംഘിച്ച് മൂന്നാര്‍ മേഖലയില്‍ അനധികൃത നിര്‍മാണം പുരോഗമിക്കുന്നു. പൊതുസമൂഹത്തിന്‍െറ ശ്രദ്ധ മുഴുവന്‍ നോട്ട് പ്രതിസന്ധിയിലേക്ക് തിരിഞ്ഞിരിക്കെ ഒരാഴ്ചയായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയാണ്. മൂന്നാര്‍ മേഖലയില്‍ കൃഷിയാവശ്യങ്ങള്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ളെന്ന് ചൊവ്വാഴ്ച ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് കൂട്ടുനില്‍ക്കുന്ന റവന്യൂ ഉദ്യോഗസ്ഥരെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

എന്നാല്‍, കോടതി നിര്‍ദേശം കാറ്റില്‍പ്പറത്തി പള്ളിവാസല്‍ വില്ളേജിന്‍െറ പല ഭാഗങ്ങളിലും രാപകല്‍ ഭേദമന്യേ എട്ടും പത്തും നിലകളുള്ള കെട്ടിടങ്ങളുടെ നിര്‍മാണം തുടരുകയാണ്. ചിത്തിരപുരം, രണ്ടാംമൈല്‍, പോതമേട് ഭാഗങ്ങളിലാണ് അനധികൃത നിര്‍മാണം കൂടുതലും. ഇവയില്‍ ചിലത് റവന്യൂ അധികൃതരുടെ മൂക്കിന് താഴെയാണ്. കോടതി നിര്‍ദേശത്തത്തെുടര്‍ന്ന് ഏതാനും സ്ഥലത്തെ നിര്‍മാണങ്ങള്‍ മാത്രമേ നിര്‍ത്തിയിട്ടുള്ളൂ.

നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് പണി നടത്തുന്നത്. അസാധുവാക്കിയ ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും നോട്ടുകള്‍ തൊഴിലാളികള്‍ക്ക് കൂലിയായി നല്‍കി മാറ്റിയെടുക്കുന്ന തന്ത്രവും കെട്ടിട ഉടമകള്‍ പരീക്ഷിച്ചുവരുന്നു.

പള്ളിവാസല്‍ വില്ളേജിന്‍െറ പല ഭാഗങ്ങളിലും അനധികൃത നിര്‍മാണം നിര്‍ബാധം തുടരുന്നതായി സ്പെഷല്‍ ബ്രാഞ്ച് അന്വേഷണത്തിലും കണ്ടത്തെിയിട്ടുണ്ട്. വ്യാജ പട്ടയങ്ങളുടെയും ഏലം കൃഷിക്കായി കുത്തകപ്പാട്ടത്തിനെടുത്ത സ്ഥലങ്ങളുടെയും മറവിലാണ് നിര്‍മാണം. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ദേവികുളം സബ് കലക്ടര്‍ ശക്തമായ നിലപാടെടുത്തെങ്കിലും താഴെയുള്ള ഉദ്യോഗസ്ഥരില്‍നിന്ന് പിന്തുണ ലഭിച്ചില്ല.

കോടതി ഉത്തരവിനെയും നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശിപാര്‍ശ ചെയ്യുന്ന വിശദ റിപ്പോര്‍ട്ട് സ്പെഷല്‍ ബ്രാഞ്ച് രണ്ടുദിവസത്തിനകം ഇടുക്കി കലക്ടര്‍ക്ക് സമര്‍പ്പിക്കും. ദേവികുളം സബ്കലക്ടറുടെ  വിലക്ക് ചോദ്യംചെയ്ത് റിസോര്‍ട്ട് ഉമടകള്‍ നല്‍കിയ ഹരജി ഹൈകോടതി തള്ളിയിരുന്നു.

നിയമം ലംഘിച്ച റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ കോടതി, ഭൂമിപതിവ് നിയമപ്രകാരം നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാവില്ളെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

Tags:    
News Summary - speed up the unsutherised construction in behind of currency ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.