നെടുമ്പാശ്ശേരി: കാലാവസ്ഥ മോശമായതിനെ തുടർന്ന് കരിപ്പൂരിലിറങ്ങാൻ കഴിയാതെവന്ന യാത്രക്കാരെ പട്ടിണിക്കിട്ട് സ്പൈസ് ജെറ്റിന്‍റെ ക്രൂരവിനോദം. യാത്രക്കാരിൽ ചിലർ വിമാനത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അൻവർ സാദത്ത് എം.എൽ.എ ഇടപെട്ടാണ് ഇവർക്ക് വിമാനമാർഗംതന്നെ കരിപ്പൂരിലേക്ക് പോകാൻ ഏർപ്പാടുണ്ടാക്കിയത്.
183 യാത്രക്കാരുമായി ദുബൈയിൽനിന്നു മണിക്കൂറുകൾ വൈകിയാണ് വിമാനം കരിപ്പൂരിലേക്ക് പുറപ്പെട്ടത്. തുടർന്ന് മൂന്നുവട്ടം കരിപ്പൂരിലിറങ്ങാൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥമൂലം കഴിഞ്ഞില്ല. പിന്നീട് രാവിലെ 7.23ന് വിമാനം നെടുമ്പാശ്ശേരിയിലിറക്കി. എന്നാൽ, യാത്രക്കാരെ വിമാനത്തിൽനിന്നിറക്കാതെ ഉടൻ പുറപ്പെടുമെന്ന് അറിയിച്ചുകൊണ്ടിരുന്നു.
പലരും ഭക്ഷണമാവശ്യപ്പെട്ടെങ്കിലും നൽകിയില്ല. കരിപ്പൂരിൽ കാലാവസ്ഥ മെച്ചമായപ്പോഴേക്കും പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞിരുന്നു. രണ്ട് ബസുകളിലായി കരിപ്പൂരിലേക്ക് എത്തിക്കാമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ വഴങ്ങാതെ വിമാനത്തിൽ കുത്തിയിരുന്നു. പിന്നീട് യാത്രക്കാരുടെ ചില ബന്ധുക്കൾ എം.എൽ.എയുമായി ബന്ധപ്പെട്ടു.
അദ്ദേഹം സ്പൈസ് ജെറ്റ് മേഖല ഡയറക്ടറുമായി ബന്ധപ്പെട്ടു. അവസാനം വേറെ പൈലറ്റ് എത്തിയാണ് യാത്രക്കാരെ ഉച്ചയോടെ കരിപ്പൂരിലേക്ക് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.