പഴയങ്ങാടി: ജനിതക വൈകല്യ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫിയെന്ന അപൂർവ രോഗബാധിതനായ മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിനാവശ്യമായ യു.എസ് നിർമിത സോൾജൻസ്മ മരുന്നിന് വേണ്ട 18 കോടി രൂപ മാതാപിതാക്കളായ പി.കെ. റഫീഖ്–പി.സി. മറിയുമ്മ ദമ്പതികൾക്ക് സങ്കൽപിക്കാൻ കഴിയുന്ന തുകയായിരുന്നില്ല.
ഇതേ ജനിതക രോഗത്തിെൻറ പിടിയിലമർന്ന മുഹമ്മദിെൻറ സഹോദരി അഫ്രയുടെയും (15) മുഹമ്മദിെൻറയും ചികിത്സക്കായി ഉള്ളതെല്ലാം വിറ്റും കടം വാങ്ങിയും തളർന്നുപോയിരുന്നു കുടുംബം. പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് അഫ്ര. രണ്ടു വയസ്സു പൂർത്തിയാകുന്നതിനുമുമ്പേ മരുന്ന് നൽകിയാൽ മുഹമ്മദ് രക്ഷപ്പെടുമെന്ന് കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോ.സ്മിലു മോഹൻലാലിെൻറ നേതൃത്വത്തിലുള്ള മെഡിക്കൽ ടീം ഉറപ്പുനൽകിയതോടെയാണ് മുഹമ്മദിെൻറ ചികിത്സക്കായി കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനമാരംഭിച്ചത്.
കല്യാശ്ശേരി എം.എൽ.എ എം. വിജിൻ, കെ.വി. മുഹമ്മദലി എന്നിവർ രക്ഷാധികാരികളായും മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഫാരിഷ ടീച്ചർ ചെയർപേഴ്സനായും ടി.പി. അബ്ബാസ് ഹാജി കൺവീനറായും എല്ലാ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക കൂട്ടായ്മകളുടെയും പിന്തുണയിൽ ജൂൺ 30 നാണ് ആദ്യ സഹായാഭ്യർഥന നടത്തിയത്.
ഫണ്ട് സ്വരൂപണത്തിനിറങ്ങിയവർ പോലും, ഭീമമായ തുക ലഭിക്കാൻ മാസങ്ങൾ വേണ്ടിവന്നേക്കുമോ എന്ന ആശങ്കയിലായിരുന്നുവെങ്കിലും ആറാം ദിവസം ചികിത്സാ നിധിയിലേക്ക് 18 കോടി രൂപയും കവിഞ്ഞ് തുകയെത്തിയതോടെ അക്കൗണ്ട് ക്ലോസ് ചെയ്യുകയായിരുന്നു. വലിയ തുകകളായല്ല, ജനം നെഞ്ചേറ്റിയപ്പോൾ ലോകത്തിെൻറ എല്ലാ ഭാഗങ്ങളിൽ നിന്നും ചെറിയ തുകകളാണ് കൂടുതൽ നിധിയിലെത്തിയത്. 10നും 10,000 രൂപക്കുമുള്ളിലാണ് എല്ലാ തുകയും വന്നു ചേർന്നത്.
മുഹമ്മദിന്റെ ചികിത്സ കഴിഞ്ഞ് മിച്ചം വരുന്ന തുക അഫ്രയുടെ ചികിത്സക്കും മറ്റുമായി ഉപയോഗിക്കുമെന്ന് എം. വിജിൻ എം.എൽ.എ പറഞ്ഞു. നാട്ടുകാരൻ കൂടിയായ ആർ.ജെ. മുസഫറിന്റെ വിഡിയോയിലൂടെയാണ് ചികിത്സ സഹായാഭ്യർഥന ആദ്യം ലോകമറിഞ്ഞത്. സൈബർ ലോകം ചികിത്സാനിധിക്ക് വലിയ പ്രചാരണം നൽകി.
ദുൽഖർ സൽമാൻ, ആസിഫലി തുടങ്ങിയ ചലച്ചിത്ര താരങ്ങൾ, ഉമർ ലുലു, അരുൺ ഗോപി തുടങ്ങിയ സംവിധായകർ, പത്ത് ലക്ഷത്തിലധികം ഫോളേവേഴ്സുള്ള ഇൻസ്റ്റഗ്രാം ഫെയിം ഡോ. ക്രോമെൻറൽ, മുൻ മന്ത്രി ഡോ.എം.കെ. മുനീറടക്കമുള്ള വിവിധ ജനപ്രതിനിധികൾ, പ്രമുഖ ആക്ടിവിസ്റ്റുകൾ തുടങ്ങിയവരുടെ സൈബർ ഇടപെടലുകൾ, 100/200 രൂപ ചലഞ്ചുകളുമായി രംഗത്തെത്തിയവർ, നാട്ടിലെയും വിദേശത്തെയും വാട്സ് ആപ്, ഫേസ്ബുക്ക് കൂട്ടായ്മകൾ എന്നിവയെല്ലാം ധനശേഖരണത്തിനു മുന്നിലുണ്ടായിരുന്നു. നവംബർ എട്ടിനു മുഹമ്മദിനു രണ്ടു വയസ്സു തികയും. അതിനുമുമ്പ് അവന് മരുന്ന് നൽകാനാകുമെന്ന ചാരിതാർഥ്യത്തിലാണ് മുഹമ്മദിെൻറ മാതാപിതാക്കളും നാടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.