തിരുവനന്തപുരം: മികച്ച സ്പോർട്സ് ജേണലിസ്റ്റിനുള്ള സംസ്ഥാന സ്പോർട്സ് കൗൺസിൽ അവാർഡ് ‘മാധ്യമം’ തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ അനിരു അശോകന്.
2020 മാർച്ചിൽ ‘മാധ്യമ’ത്തിൽ പ്രസിദ്ധീകരിച്ച ‘തിരിച്ചുവരവിന്റെ ട്രാക്കിൽ ജി.വി. രാജ’ എന്ന ലേഖന പരമ്പരക്കാണ് പുരസ്കാരം. 50,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരത്തിന് ജോസ്കുട്ടി പനക്കലും (മലയാള മനോരമ) മികച്ച ദൃശ്യമാധ്യമ പരിപാടിക്കുള്ള പുരസ്കാരത്തിന് ജോബി ജോർജും (ഏഷ്യാനെറ്റ് ന്യൂസ്) അർഹരായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, സെക്രട്ടറി എ. ലീന എന്നിവർ വാർത്തസമ്മേളനത്തിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
2016 മുതൽ മാധ്യമത്തിൽ റിപ്പോർട്ടറായ അനിരു അശോകൻ കഴക്കൂട്ടം മുക്കോലക്കൽ കുറ്റിവിളാകം ആറ്റിപ്ര അശോകൻ -ലീജ ദമ്പതികളുടെ മകനാണ്. കോട്ടയം പ്രസ്ക്ലബിന്റെ ജി. വേണുഗോപാൽ പ്രത്യേക ജൂറി പുരസ്കാരം, അന്താരാഷ്ട്ര ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവൽ മികച്ച റിപ്പോർട്ടർ പുരസ്കാരം, എ.പി.ജെ. അബ്ദുൽ കലാം ഫൗണ്ടേഷന്റെ ഭാരതീയം പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: എം.ഡി. ശ്യാമ. മകൻ: എ.എസ്. ദ്രുപദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.