കായിക കേരളത്തിന്റെ പ്രൗഢി തിരിച്ചു പിടിക്കും- മുഖ്യമന്ത്രി

കൊച്ചി: കായികരംഗത്ത് കേരളത്തിനു നഷ്ടപ്പെട്ട പ്രൗഢി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ 66-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സ്‌കൂള്‍ കായികമേളയിലൂടെ ഉയര്‍ന്നുവരുന്ന താരങ്ങളില്‍ പലരും പിന്നീട് കായികരംഗത്ത് നിന്നും അപ്രത്യക്ഷരാകുന്നുണ്ട്. ഒരു കാലത്ത് ഇന്ത്യന്‍ കായികരംഗത്തിന് ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ നാടായിരുന്നു കേരളം. വനിതാ ഒളിമ്പ്യന്മാരെയടക്കം സൃഷ്ടിച്ച നാടാണ് നമ്മുടേത്. പിന്നീടെപ്പോഴോ കായികരംഗത്തിന് പിന്നോട്ടുപോക്ക് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ആദ്യമായി കായിക ഉച്ചകോടി സംഘടിപ്പിക്കുന്ന സംസ്ഥാനമായി കേരളം മാറി. കായിക രംഗത്തേക്ക് 5,050 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇതിലൂടെ കഴിഞ്ഞു.

കായിക ഉച്ചകോടിയിലെ ധാരണപ്രകാരം ഖത്തര്‍ ആസ്ഥാനമായ എന്‍ ബി എഫ് അക്കാദമിയുമായി ചേര്‍ന്നുള്ള കായികക്ഷമതാ വികസന പരിപാടിക്ക് തുടക്കമായി. സ്പോര്‍ട്സ് ബിസിനസ് രംഗത്തെ പ്രമുഖരായ ഡെക്കാത്ത്ലണുമായി ചേര്‍ന്ന് 'ഒരു സ്‌കൂള്‍, ഒരു ഗെയിം' പദ്ധതി ആരംഭിച്ചു. 80 സ്‌കൂളുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയത്.

ഏഴു ജില്ലകളില്‍ ഓപ്പണ്‍ ജിം ആരംഭിച്ചു. വിവിധ ജില്ലകളിലായി എട്ടു സ്പോര്‍ട്സ് ലൈഫ് ഫിറ്റ്‌നസ് സെന്ററുകള്‍ ആരംഭിച്ചു. കളിക്കളങ്ങളുടെയും സ്റ്റേഡിയങ്ങളുടെയും പരിപാലനത്തിനായി സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ രൂപീകരിച്ചു. അഞ്ചു വര്‍ഷം കൊണ്ട് അഞ്ചു ലക്ഷം കുട്ടികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുന്നതിനുള്ള ഗോള്‍ പദ്ധതി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ 1,000 കേന്ദ്രങ്ങളിലായി ഒരു ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി. വിദഗ്ദ്ധ പരിശീലനത്തിന് 140 നിയോജക മണ്ഡലങ്ങളില്‍ ഓരോ കേന്ദ്രം തുടങ്ങി. തെരഞ്ഞെടുത്ത 30 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.

അത്ലറ്റിക്സ് പരിശീലനത്തിന് സ്‌കൂളുകളില്‍ സ്പ്രിന്റ് പദ്ധതി ആരംഭിച്ചു. ജൂഡോ പരിശീലനത്തിന് ജൂഡോക്കോ എന്ന പദ്ധതിയും ബോക്സിങ്ങ് പരിശീലനത്തിന് പഞ്ച് പദ്ധതിയും സ്‌കൂള്‍ തലത്തില്‍ ആരംഭിച്ചു. ബോക്സിങ് പരിശീലനം അഞ്ചു കേന്ദ്രങ്ങളിലും ജൂഡോ 10 കേന്ദ്രങ്ങളിലുമാണ് തുടങ്ങിയത്. ബാസ്‌ക്കറ്റ്ബോള്‍ പരിശീലനത്തിന് ഹൂപ്സ് പദ്ധതി തുടങ്ങി. കായിക ഡയറക്ടറേറ്റിന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ മൂന്ന് ഫുട്ബോള്‍ അക്കാദമികള്‍ ആരംഭിച്ചു. ഇതില്‍ രണ്ടെണ്ണം പെണ്‍കുട്ടികള്‍ക്കു വേണ്ടി മാത്രമുള്ളതാണ്.

ലോകത്തെ പ്രമുഖ ക്ലബ്ബായ എ.സി. മിലാനുമായി ചേര്‍ന്ന് ജി.വി. രാജ സ്പോര്‍ട്സ് സ്‌കൂളില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങി. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ സ്പോര്‍ട്സ് ക്വാട്ടയില്‍ 710 കായികതാരങ്ങള്‍ക്കാണ് നിയമനം നല്‍കിയത്. രണ്ട് ഒളിമ്പിക്സ് മെഡലുകളുമായി നമ്മുടെ കായികരംഗത്തിന്റെ ഖ്യാതി ലോക കായിക ഭൂപടത്തിലെത്തിച്ച വ്യക്തിയാണ് ഈ കായികോത്സവത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായ പി.ആര്‍. ശ്രീജേഷ്. അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും അര്‍പ്പണബോധവും നിങ്ങള്‍ക്ക് മാതൃകയും പ്രോത്സാഹനവും ആവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമുയര്‍ത്താനും ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള ജനതയുടെ ആവശ്യകത ചൂണ്ടിക്കാട്ടാനും കായിക മേളകള്‍ക്കാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ച ജില്ലയ്ക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് എവറോളിങ് ട്രോഫി മുഖ്യമന്ത്രിയില്‍ നിന്ന് ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ലാ ടീം ഏറ്റുവാങ്ങി.

മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കായികതാരങ്ങളുടെ പാരിതോഷിക തുക വര്‍ധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം.വിജയന്‍, നടന്‍ വിനായകന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, രാമചന്ദ്രന്‍ കടന്നപ്പള്ളി, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹ്‌മാന്‍. ജി.ആര്‍. അനില്‍, എം.എല്‍.എ മാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിന്‍, കെ.എന്‍. ഉണ്ണികൃഷ്ണന്‍, കെ.ജെ. മാക്‌സി, ആന്റണി ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു.

Tags:    
News Summary - Sports will bring back the pride of Kerala - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.