കൊച്ചി: സ്പ്രിൻക്ലർ കരാറിലെ വീഴ്ച പരിശോധിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ സമിതി സമർപ്പിച്ച റിപ്പോർട്ട് വിളിച്ചുവരുത്താൻ ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈകോടതിയിൽ. കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുംമുമ്പ് കോവിഡ് ബാധിതരിൽനിന്ന് ശേഖരിച്ച വിവരങ്ങളും വിശദാംശങ്ങളും ഹാജരാക്കാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ കഴിഞ്ഞവരുടെയും വിവരങ്ങൾ അമേരിക്ക ആസ്ഥാനമായ സ്പ്രിൻക്ലർ കമ്പനിക്ക് കൈമാറുന്നത് ചോദ്യം ചെയ്തും വ്യക്തിവിവരങ്ങൾ നിയമവിരുദ്ധമായി വിദേശ കമ്പനിയുടെ സെർവറിലേക്ക് അപ്ലോഡ് ചെയ്തതിനെത്തുടർന്ന് ഹാനിയുണ്ടായവർക്ക് നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് സത്യവാങ്മൂലമായി പുതിയ ആവശ്യങ്ങൾ ഉന്നയിച്ചത്.
മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് മാധവന് നമ്പ്യാര്‍ ചെയർമാനും മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന് അംഗവുമായ സമിതി ഏറെ പ്രാധാന്യമുള്ള റിപ്പോർട്ടാണ് നൽകിയിട്ടുള്ളത്. ചില നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇത് പുറത്തുവിടാനോ നടപടി സ്വീകരിക്കാനോ സർക്കാർ തയാറായിട്ടില്ല. ഹരജിയുമായി ബന്ധപ്പെട്ട പ്രധാനരേഖയെന്ന നിലയിൽ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവിടണം.
രോഗികളുടെ വിവരങ്ങൾ കമ്പനിക്ക് കൈമാറുമ്പോൾ അവരെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ രഹസ്യമാക്കണമെന്നും ബന്ധപ്പെട്ട വ്യക്തിയിൽനിന്ന് നിർദിഷ്ട ഫോറത്തിൽ സമ്മതപത്രം വാങ്ങിയിരിക്കണമെന്നുമാണ് ഏപ്രിൽ 24ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, ഈ ഉത്തരവ് നടപ്പാക്കാൻ സർക്കാർ നിർദേശം നൽകിയത് രണ്ടാഴ്ചയിലേറെ കഴിഞ്ഞാണ്.
അതിനാലാണ്, മാർച്ച് 24 മുതൽ ഇടക്കാല ഉത്തരവ് നടപ്പാക്കാൻ തുടങ്ങിയതുവരെ ശേഖരിച്ച രോഗികളുടെ വിവരങ്ങളും വിളിച്ചുവരുത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സർക്കാർ, എം. ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.