കോഴിക്കോട്: കോവിഡ് പ്രതിരോധത്തിനായി സ്പ്രിംഗ്ലർ കമ്പനി കഴിഞ്ഞ ആറു മാസം എന്ത് സംഭാവന ചെയ്തെന്ന് വി.ഡി. സതീശൻ എം.എൽ.എ. ഈ കരാർ ഇല്ലായിരുന്നെങ്കിൽ സംസ്ഥാനം കോവിഡ് രോഗികളെ കൊണ്ട് നിറയുമെന്ന് പറഞ്ഞ സി.പി.എം നേതാക്കൾ എവിടെ പോയെന്നും സതീശൻ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
സ്പ്രിംഗ്ലർ ഇടപാട് അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ 6 മാസം കൊണ്ട് കൊവിഡ് പ്രതിരോധത്തിനു വേണ്ടി ഈ കമ്പനി എന്ത് സംഭാവനയാണ് ചെയ്തത് ? ഇവരുമായി കരാർ വച്ചില്ലായിരുന്നുവെങ്കിൽ കേരളം മുഴുവൻ കൊവിഡ് രോഗികളെ കൊണ്ട് നിറയുമെന്ന് നിരന്തരമായി പറഞ്ഞിരുന്ന സി.പി.എം നേതാക്കളൊക്കെ എവിടെപ്പോയി ? എന്ത് സേവനമാണ് ഇവരിൽ നിന്ന് ഇതുവരെ കിട്ടിയതെന്ന് സർക്കാർ വ്യക്തമാക്കണം.
സ്പ്രിംഗ്ലർ കമ്പനിയും സംസ്ഥാന സർക്കാറും തമ്മിലുള്ള കരാർ ഇന്ന് അവസാനിപ്പിക്കാനിരിക്കെയാണ് വി.ഡി. സതീശന്‍റെ പ്രതികരണം. മാർച്ച് 25 മുതൽ ആറു മാസമോ കോവിഡ് നിയന്ത്രണമാകും വരെയോ സേവനം ലഭ്യമാക്കാമെന്നായിരുന്നു സ്പ്രിംഗ്ലർ കരാറിൽ പറയുന്നത്. ആറു മാസത്തിന്ശേഷം പണം നൽകേണ്ട സാഹചര്യത്തിലാണ് കരാർ പുതുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത്.
കോവിഡുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനാണ് സ് പ്രിംഗ്ലർ കമ്പനിയുമായി സംസ്ഥാന സർക്കാർ കരാറിൽ ഏർപ്പെട്ടത്. ഏപ്രിൽ രണ്ടിന് മുൻകാല പ്രാബല്യത്തോടെ ഒപ്പിട്ട കരാർ 2020 മാർച്ച് 25 മുതലാണ് നിലവിൽ വന്നത്. എന്നാൽ, വിദേശ കമ്പനി ശേഖരിക്കുന്ന കോവിഡ് രോഗികളുടെ വ്യക്തി വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രധാന ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.