വർക്കല: വ്യത്യസ്ത മതങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടെങ്കിലും വൈവിധ്യമാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതയെന്ന് മന്ത്രി സജി ചെറിയാൻ. ശിവഗിരിയിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സംഘടിപ്പിച്ച ശ്രീനാരായണഗുരു സമാധി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നാടിന് നവോത്ഥാന പ്രക്രിയയിലൂടെ വെളിച്ചം പകർന്ന ഗുരു എല്ലാ മതങ്ങളെയും ഒന്നായാണ് കണ്ടത്. ഗുരുവിന്റെ ഈ ദർശനം വർത്തമാനകാലത്ത് ഏറെ പ്രസക്തമാണ്. കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിൽ ധാരാളം പേരുടെ സംഭാവനകൾ ഉണ്ടെങ്കിലും ഭ്രാന്താലയമായിരുന്ന നാടിനെ പുരോഗതിയിലേക്ക് മാറ്റിമറിച്ചത് ശ്രീനാരായണഗുരു ആയിരുന്നു. ജാതീയതയും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ നാടിനെയാണ് ഗുരു ഉഴുതുമറിച്ചത്.
വിവേചനങ്ങളും വിരോധങ്ങളുമില്ലാത്ത സമൂഹമാണ് ഗുരു വിഭാവനം ചെയ്തത്. അതിലൂടെ ഐക്യത്തിന്റെയും സാഹോദ്യത്തിന്റെയും വലിയ ദർശനം സമൂഹത്തിന് പകർന്നു. അതുകൊണ്ടാണ് ശ്രീനാരായണഗുരു നവോത്ഥാന, ആധ്യാത്മിക ആചാര്യന്മാരിൽ ഏറ്റവും ആധുനികനാവുന്നത്.
കേരളത്തെ ഭ്രാന്താലയമാക്കാൻ വീണ്ടും നടക്കുന്ന ശ്രമം ചെറുത്തു തോൽപിക്കണമെന്ന് അധ്യക്ഷത വഹിച്ച ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മന്ത്രി വീണാ ജോർജ് മുഖ്യതിഥിയായിരുന്നു.
ചാണ്ടി ഉമ്മൻ എം.എൽ.എ, കുമ്മനം രാജശേഖരൻ, വർക്കല കഹാർ, നഗരസഭ ചെയർമാൻ കെ.എം. ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ, സ്വാമി സൂക്ഷ്മാനന്ദ, ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി അസംഗാനന്ദ എന്നിവർ സംസാരിച്ചു.
‘യുഗപുരുഷൻ’ സിനിമയുടെ നിർമാതാവും എ.വി.എ ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ ഡോ. എ.വി. അനൂപിനെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.