കോട്ടയം: പാമ്പിനെന്താണ് ശ്രീക്കുട്ടിയോടിത്ര വിരോധം? ശ്രീക്കുട്ടിയുടെ കഥ കേട്ടാൽ ആരുമൊന്ന് ചോദിച്ചുപോകും. ഒന്നോ രണ്ടോ തവണ പാമ്പുകടിയേറ്റാൽ അത് സ്വാഭാവികമാണെന്നു കരുതാം. എന്നാൽ, കോട്ടയം കുറവിലങ്ങാട് സ്വദേശി എസ്.എസ്. ശ്രീക്കുട്ടിയെ (20) എട്ട് വർഷത്തിനിടെ പാമ്പ് കടിച്ചത് 12 തവണയാണ്. മൂന്ന് തവണ അണലി, നാല് തവണ മൂർഖൻ, അഞ്ച് തവണ ശംഖുവരയൻ !
ചിറക്കുഴിയിൽ സിബിയുടെയും ഷൈനിയുടെയും മകളായ ശ്രീക്കുട്ടി പാമ്പുകടിയേറ്റ് പലതവണ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. 10 തവണയും പാമ്പുകടിച്ചത് വീടിന്‍റെ പരിസത്തുവെച്ചാണ്. എന്നാൽ, വീട്ടിൽ മറ്റാർക്കും പാമ്പുകടിയേറ്റിട്ടില്ല. 2013ലാണ് ആദ്യമായി കടിയേൽക്കുന്നത്. ഏറ്റവുമൊടുവിൽ കഴിഞ്ഞയാഴ്ചയും.
മഹാരാജാസ് കോളജിൽ വെച്ചും പോളിടെക്നികിൽ വെച്ചും ശ്രീക്കുട്ടിയെ പാമ്പുകടിച്ചിട്ടുണ്ട്. വീടും പരിസരവും വെട്ടിത്തെളിച്ചാൽ പാമ്പിൽ നിന്ന് രക്ഷപ്പെടാമെന്ന് പറയുന്നവരോട് ശ്രീക്കുട്ടി ചോദിക്കുന്നത് എന്തുകൊണ്ടാണ് തന്നെ മാത്രം പാമ്പ് ലക്ഷ്യമിടുന്നതെന്നാണ്.
പാമ്പുപിടിത്തത്തിൽ വിദഗ്ധനായ വാവ സുരേഷ് കഴിഞ്ഞ ദിവസം ശ്രീക്കുട്ടിയെ കാണാൻ വീട്ടിലെത്തിയിരുന്നു. പാമ്പുകൾക്ക് ഭക്ഷണമെന്ന് സെൻസ് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും പ്രത്യേകത ചില ആൾക്കാരുടെ ശരീരത്തിലുണ്ടാകാമെന്നാണ് വാവ സുരേഷ് അഭിപ്രായപ്പെട്ടത്. വിദഗ്ധ ഡോക്ടർമാരുമായി എത്താമെന്നും വാവ സുരേഷ് ശ്രീക്കുട്ടിക്ക് വാക്കുനൽകിയിട്ടുണ്ട്.
അതേസമയം, പാമ്പിനെ പേടിച്ച് ഒളിക്കാൻ തയാറല്ല ശ്രീക്കുട്ടി. പേടിച്ച് വീട്ടിലിരിക്കില്ലെന്നും പഠിച്ചു ജോലിനേടണമെന്നുമാണ് ഈ 20കാരി പറയുന്നത്. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് ശ്രീക്കുട്ടിയുടെ കുടുംബം. ബിരുദവും ബി.എഡും കഴിഞ്ഞ് എൽ.എൽ.ബിക്ക് പഠിക്കുകയാണ് ശ്രീക്കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.