കൽപറ്റ: മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാർ മത്സരിക്കും. യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥി ചിത്രം ഇപ്പോഴും അവ്യക്തമാണ്. സി.പി.എം സിറ്റിങ് സീറ്റ് എൽ.ജെ.ഡിക്ക് വിട്ടുനൽകാൻ നേരത്തെതന്നെ ധാരണയായിരുന്നെങ്കിലും സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു. എൽ.ജെ.ഡി ജില്ല കൗൺസിലും സംസ്ഥാന പ്രസിഡൻറ് ശ്രേയാംസ് കുമാർ മത്സരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.ശ്രേയാംസ് മനസ്സ് തുറക്കാതെ വന്നതോടെ മറ്റുപല പേരുകളും ഉയർന്നുവന്നു.
ഒടുവിൽ കോഴിക്കോട് ചേർന്ന സംസ്ഥാന നേതൃ യോഗത്തിലാണ് മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കൽപറ്റയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളിലായി തുടർച്ചയായ നാലാം തവണയാണ് ശ്രേയാംസ് കുമാർ മത്സരിക്കുന്നത്.
2006ൽ എൽ.ഡി.എഫിനൊപ്പവും 2011ൽ യു.ഡി.എഫിനൊപ്പവും മത്സരിച്ചാണ് നിയമസഭയിലെത്തിയത്. 2016ൽ യു.ഡി.എഫ് മുന്നണിക്കൊപ്പം മൂന്നാം അങ്കത്തിനിറങ്ങിയ അദ്ദേഹത്തിന്, സി.കെ. ശശീന്ദ്രെൻറ മുന്നിൽ കാലിടറി. 13,083 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ശശീന്ദ്രെൻറ വിജയം. സിറ്റിങ് സീറ്റ് എൽ.ജെ.ഡിക്ക് വിട്ടുനൽകുന്നതിൽ സി.പി.എമ്മിനുള്ളിൽ വലിയ അമർഷമുണ്ട്. ശ്രേയാംസ് കുമാർ സ്ഥാനാർഥിയാകുന്നതോടെ എല്ലാം അവസാനിക്കുമെന്ന കണക്കുക്കൂട്ടലിലാണ് എൽ.ഡി.എഫ്. വരുംദിവസങ്ങളിൽ മണ്ഡലത്തിൽ അദ്ദേഹം പ്രചാരണത്തിൽ സജീവമാകും.
യു.ഡി.എഫ് സ്ഥാനാർഥികളായി കെ.പി.സി.സി വൈസ് പ്രസിഡൻറ് ടി. സിദ്ദീഖിെൻറയും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ഇ. വിനയെൻറയും പേരുകളാണ് അന്തിമപട്ടികയിലുള്ളത്. ജില്ലയിലെ നേതാക്കളെ സ്ഥാനാർഥികളാക്കണമെന്ന പൊതുവികാരത്തിനിടയിലും സിദ്ദീഖ് തന്നെ മത്സരിക്കാനെത്തുമെന്നാണ് ലഭിക്കുന്ന സൂചന.
പ്രഖ്യാപനം ഉടനുണ്ടാകും. എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി ജില്ല അധ്യക്ഷൻ സജി ശങ്കറിനാണ് സാധ്യത കൂടുതൽ. ജില്ല നേതൃത്വം നൽകിയ പട്ടികയിൽ പ്രഥമ പരിഗണനയും അദ്ദേഹത്തിനാണ്. 14ന് മാത്രമേ എൻ.ഡി.എ സ്ഥാനാർഥികളെ പ്രഖ്യാപിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.