തിരുവനന്തപുരം: മാതൃകാപരീക്ഷകളും ഒരുക്കങ്ങളും പൂർത്തിയായ ശേഷം എസ്.എസ്.എൽ.സി, രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിയ സർക്കാർ നടപടിക്കെതിരെ വ്യാപക വിമർശനം. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സർക്കാർ നടപടിക്കെതിരെ വിവിധ അധ്യാപകസംഘടനകൾ ഉൾപ്പെടെയുള്ളവരുടെ പ്രചാരണം ശക്തമാണ്. 'കുട്ടികൾ തോറ്റു; സർക്കാർ ജയിച്ചു'എന്ന പേരിലാണ് പ്രധാനമായും പ്രചാരണം.
രാഷ്ട്രീയതാൽപര്യത്തോടെ സർക്കാർ പരീക്ഷ മാറ്റിയെന്നാണ് വിമർശനം. സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എയാണ് പരീക്ഷ മാറ്റണമെന്ന ആവശ്യവുമായി സർക്കാറിനെ സമീപിച്ചത്. മറ്റ് സംഘടനകൾ പരീക്ഷ മാറ്റരുതെന്ന് സർക്കാറിനോടും തെരഞ്ഞെടുപ്പ് കമീഷനോടും രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു. അധ്യാപകർക്ക് തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ വേണ്ടിയാണ് ഒരുക്കങ്ങൾ പൂർത്തിയായ ശേഷം പരീക്ഷ മാറ്റിയതെന്നാണ് ആരോപണം.
എന്നാൽ, പരീക്ഷ ഡ്യൂട്ടിയും തെരഞ്ഞെടുപ്പ് പരിശീലനവും ഒരുമിച്ച് വരുന്നതും പരീക്ഷകേന്ദ്രങ്ങൾ പോളിങ്, കൗണ്ടിങ് കേന്ദ്രങ്ങളാകുന്നതും പരിഗണിച്ചാണ് മാറ്റത്തിന് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതെന്നാണ് സർക്കാർ വിശദീകരണം. പരീക്ഷനടത്തിപ്പ് ചുമതലയുള്ള ജില്ല വിദ്യാഭ്യാസ ഒാഫിസർമാർക്ക് വരെ പരീക്ഷ ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പരിശീലനത്തിന് ഹാജരാകാൻ നിർദേശം ലഭിച്ചതായും വിദ്യാഭ്യാസവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ജില്ലകളിൽ റിേട്ടണിങ് ഒാഫിസർമാരുമായി ബന്ധപ്പെട്ട് പരീക്ഷയില്ലാത്ത ദിവസങ്ങളിലും മറ്റും ട്രെയിനിങ് ക്രമീകരിക്കാൻ കഴിയുമായിരുന്നിട്ടും അതിന് ശ്രമം നടത്തിയില്ലെന്നും പരാതിയുണ്ട്. കോവിഡ് കാലത്ത് ഒാൺൈലൻ പഠനവും ജനുവരി മുതൽ സ്കൂളുകളിലെത്തിയുള്ള പഠനത്തിലൂടെയുമാണ് വിദ്യാർഥികൾ പരീക്ഷക്ക് തയാറെടുത്തത്.
മാതൃകാപരീക്ഷ കഴിഞ്ഞ എട്ടിന് പൂർത്തിയായതോടെ 17ന് പൊതുപരീക്ഷയെ നേരിടാൻ ബഹുഭൂരിഭാഗം വിദ്യാർഥികളും മാനസികമായി ഒരുങ്ങി.
നിശ്ചയിച്ചതിലും 22 ദിവസം കൂടി വൈകി പരീക്ഷ നടത്തുന്നത് വിദ്യാർഥികളിൽ മാനസികപിരിമുറുക്കം വർധിപ്പിക്കാൻ വഴിവെക്കുമെന്ന ആശങ്കയുമുണ്ട്.
അതേസമയം, പരീക്ഷ മാറ്റിയതോടെ വെള്ളി, ശനി ദിവസങ്ങളിൽ ജില്ല വിദ്യാഭ്യാസ ഒാഫിസുകളിൽ നടത്താനിരുന്ന എസ്.എസ്.എൽ.സി ചോദ്യേപപ്പർ തരംതിരിക്കൽ മാറ്റിവെച്ചു. ചോദ്യേപപ്പറുകൾ ട്രഷറി ലോക്കറുകളിൽ സൂക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.