കൊച്ചി: കുർബാന തർക്കത്തെതുടർന്ന് ഒരുവർഷമായി അടഞ്ഞുകിടക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയം സെൻറ് മേരീസ് ബസിലിക്ക ക്രിസ്മസ് ദിനത്തിലും തുറക്കില്ല. സമാധാനാന്തരീക്ഷമുണ്ടാകുന്നതുവരെ തുറക്കില്ലെന്ന് ബസിലിക്കയുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റർ ഫാ. ആൻറണി പൂതവേലി ഇടവകാംഗങ്ങളെ അറിയിച്ചു. തർക്കം പരിഹരിച്ച ശേഷമായിരിക്കും തുറക്കുക.
ക്രിസ്മസ് ദിനത്തിൽ ബസിലിക്ക തുറന്ന് മാർപാപ്പയും സിനഡും നിർദേശിച്ചതനുസരിച്ച് ഏകീകൃത കുർബാന അർപ്പിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിനുള്ള നിർദേശങ്ങൾ അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ വൈദികർക്ക് നൽകിയിരുന്നു. അതിരൂപതയിൽ ക്രിസ്മസ് ദിനത്തിൽ സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാന അർപ്പിക്കണമെന്ന് മാർപാപ്പയുടെ പ്രതിനിധി സിറിൽ വാസിലും നിർദേശം നൽകിയിരുന്നു. ശേഷം ഞായറാഴ്ചയാണ് ബസിലിക്ക തുറക്കില്ലെന്ന അറിയിപ്പ് എത്തിയത്.
ക്രിസ്മസ് ദിനത്തിൽ ഒരു കുര്‍ബാന സിനഡ് രീതിയിൽ അര്‍പ്പിക്കുകയും ശേഷം ജനാഭിമുഖ കുര്‍ബാന തുടരുകയും ചെയ്യുമെന്ന് അതിരൂപതയിലെ വൈദിക യോഗത്തിനു ശേഷം അതിരൂപത സംരക്ഷണ സമിതി അറിയിച്ചിരുന്നു. അതിരൂപതയിൽ സിനഡ് കുർബാന അടിച്ചേൽപിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് അൽമായ മുന്നേറ്റത്തിന്‍റേത്. ഫാ. ആൻറണി പൂതവേലിയെ അഡ്മിനിസ്ട്രേറ്റർ ചുമതലയിൽനിന്ന് മാറ്റണമെന്ന ആവശ്യവും വിമതവിഭാഗം മുന്നോട്ടുവെക്കുന്നു.
കഴിഞ്ഞ വർഷം ക്രിസ്മസ് തലേന്നാണ് ബസിലിക്കയിൽ ഔദ്യോഗിക വിഭാഗത്തിനും വിമത വിഭാഗത്തിനുമിടയിൽ കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് വലിയ സംഘർഷം അരങ്ങേറിയത്. വിമതവിഭാഗം വൈദികർ ജനാഭിമുഖ കുർബാനയും ബസിലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. ആന്‍റണി പൂതവേലിന്‍റെ നേതൃത്വത്തിൽ ഏകീകൃത കുർബാനയും അർപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
അസഭ്യവർഷവും തർക്കവും കൈയാങ്കളിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലെത്തുകയും പൊലീസ് ഇടപെടേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു. പിന്നീട് ബസിലിക്ക അടച്ചിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.