പട്ടിക വിഭാഗത്തിന് വാങ്ങി നൽകുന്ന ഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി

തിരുവനന്തപുരം: ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ പേരില്‍ ദുരന്ത പ്രതികരണ നിധി ഉപയോഗിച്ച് വാങ്ങുന്ന ഭൂമിയുടെ രജിസ്‌ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവ് ചെയ്യാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ദുരന്ത ലഘൂകരണ പദ്ധതിപ്രകാരം വാങ്ങുന്ന ഭൂമിക്കാണ് ഇളവ്.

•എറണാകുളത്ത് കോന്തുരുത്തി പുഴ കൈയേറി താമസിക്കുന്നവരെ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പുനരധിവസിപ്പിക്കും. സർവേയില്‍ അര്‍ഹരായി കണ്ടെത്തിയ 122 പേരില്‍ ലൈഫ് ഭൂരഹിത, ഭവനരഹിത ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 56 കുടുംബങ്ങള്‍ ഒഴികെയുള്ളവരെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തും. പള്ളുരുത്തി വില്ലേജില്‍ ജി.സി.ഡി.എ കൊച്ചി നഗരസഭക്ക് കൈമാറിയ 1.38 ഏക്കര്‍ സ്ഥലത്ത് ലൈഫ് ഭവനസമുച്ചയം കൊച്ചി നഗരസഭ മുഖേന നിർമിക്കാന്‍ തത്ത്വത്തില്‍ അനുമതി നല്‍കി. പുഴ കൈയേറി താമസിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു.

•സംസ്ഥാന സർക്കാർ ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്‍റ് ഫാക്ടറിക്ക് പൾപ്പ് നിർമാണത്തിനാവശ്യമായ 24,000 മെട്രിക് ടൺ വനാധിഷ്ഠിത അസംസ്‌കൃത വസ്തുക്കള്‍ അനുവദിക്കും. ഇതിനുള്ള നിരക്ക് സംബന്ധിച്ച നിർദേശം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ ചുമതലപ്പെടുത്തി. കേരള പേപ്പര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പുതിയ പേര്. കമ്പനി പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും പരീക്ഷണാടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിക്കാനും നടപടിയെടുക്കും. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ വനം വകുപ്പിന്‍റെ അധീനതയിലുള്ള തോട്ടങ്ങളില്‍നിന്നാണ് പേപ്പര്‍ പള്‍പ്പ് നിർമാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ നൽകുന്നത്.

• പൊതുമരാമത്ത് വകുപ്പിന്റെ കൈവശം കാക്കനാട്ടുള്ള 14 ഏക്കര്‍ ഭൂമി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് വ്യവസ്ഥകള്‍ക്ക് വിധേയമായി പതിച്ചുനല്‍കും. 17.4 ഏക്കര്‍ ഭൂമി നേരത്തേ കൈമാറിയിരുന്നു.

• കിന്‍ഫ്രക്കായി അക്വയര്‍ ചെയ്ത ഭൂമിയില്‍ ഉള്‍പ്പെട്ട എറണാകുളം കാക്കനാട് വില്ലേജില്‍ ബ്ലോക്ക് 9 റീസർവേ 570/2 ല്‍പ്പെട്ട 02.1550 ഹെക്ടര്‍ പുറമ്പോക്ക് ഭൂമി ഏക്കറിന് 1.169 കോടി രൂപ നിരക്കില്‍ വ്യവസായ പാര്‍ക്ക് വികസനത്തിനായി കിന്‍ഫ്രക്ക് കൈമാറും. ഇതിന് കലക്ടര്‍ക്ക് അനുമതി നല്‍കി.

•മലപ്പുറം ജില്ലയില്‍ നടുവട്ടം വില്ലേജിലെ എട്ട് ഏക്കര്‍ ഭൂമി ഖരമാലിന്യ സംസ്‌കരണ പ്ലാന്‍റ് നിർമിക്കാൻ കെ.എസ്.ഐ.ഡി.സിക്ക് 30 വര്‍ഷത്തേക്ക് വ്യവസ്ഥകളോടെ പാട്ടത്തിന് നല്‍കും.

• വെറ്ററിനറി സര്‍വകലാശാലയുടെ ഭാഗമായി തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ബയോ സയന്‍സ് റിസര്‍ച് ആൻഡ് ട്രെയിനിങ് സെന്‍ററിന് പാട്ടത്തിനെടുക്കുന്ന കെ.എസ്.ഐ.ഡി.സിയുടെ കീഴിലുള്ള വെയിലൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ മൂന്നില്‍ റീസർവേ 187/1 ല്‍പ്പെട്ട 80.93 ആര്‍ വസ്തുവിന്റെ ലീസ് ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് ഇനങ്ങളില്‍ ആവശ്യമായി വരുന്ന 50,00,470 രൂപ ഒഴിവാക്കി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

Tags:    
News Summary - Stamp duty is waived on land purchased for Scheduled Castes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.