തിരുവനന്തപുരം: ക്ഷേമ പെൻഷൻ 1600 രൂപയാക്കി ഉയർത്തിയും തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിയുമുള്ള ഇടതു സർക്കാറിന്‍റെ അവസാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. സർവ മേഖലയേയും സ്പർശിച്ചായിരുന്നു ബജറ്റ് പ്രസംഗം. തൊഴിൽമേഖലക്കും ഉന്നത വിദ്യാഭ്യാസത്തിനുമാണ് ഈ വർഷത്തെ ബജറ്റിൽ ഊന്നൽ നൽകുന്നത്. മുൻ വർഷങ്ങളിലേത് പോലെ ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നുണ്ട്.
എട്ട് ലക്ഷത്തോളം തൊഴിലുകൾ സൃഷ്ടിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. തൊഴിൽ പരിശീലനവും കോവിഡ് മൂലം തൊഴിൽ നഷ്ടമായവർക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. സ്ത്രീകളെ തൊഴിൽ മേഖലയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു. കഴിഞ്ഞ ബജറ്റുകളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനാണ് ഊന്നൽ നൽകിയതെങ്കിൽ ഇത്തവണ അത് ഉന്നത വിദ്യാഭ്യാസ മേഖലക്കാണ്. പുതിയ തസ്തികകൾ സൃഷ്ടിച്ചും ക്ലാസ് മുറികൾ ഡിജിറ്റലാക്കിയും പശ്ചാത്തല സൗകര്യമൊരുക്കിയും മികവിന്‍റെ കേന്ദ്രങ്ങൾ ആരംഭിച്ചും ഒഴിവുകൾ നികത്തിയുമെല്ലാം ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ ബജറ്റ് ലക്ഷ്യമിടുന്നു.
മുൻവർഷങ്ങളിലേത് പോലെ ക്ഷേമപ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം ഈ ബജറ്റ് നൽകുന്നുണ്ട്. ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി വർധിപ്പിച്ചതാണ് ഈ മേഖലയിലെ പ്രധാന പ്രഖ്യാപനം. ലൈഫ് പദ്ധതി വഴി കൂടുതൽ വീടുകൾക്ക് അനുമതി നൽകി. റേഷൻകടകൾ വഴി വെള്ള, നീല കാർഡുകൾക്ക് അധിക അരി വിതരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. ജനപ്രതിനിധകളുടേത് ഉൾപ്പടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ഓണറേറിയം വർധിപ്പിച്ചിട്ടുണ്ട്. പ്രവാസി ക്ഷേമത്തിനായും പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.