പ്രൗഢമായി മുജാഹിദ് സംസ്ഥാന സമ്മേളനം; പ്രതിരോധം ശക്തമാക്കണമെന്ന് വി.ഡി. സതീശന്‍

കരിപ്പൂര്‍: ഏകാധിപതികള്‍ ജനാധിപത്യ ശബ്ദങ്ങള്‍ ഇല്ലാതാക്കുന്ന കാലത്ത് മാനവികതയുടെ കൊടിക്കൂറയുയര്‍ത്തി പോരാട്ടം ശക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ‘വിശ്വ മാനവികതക്ക് വേദവെളിച്ചം’ പ്രമേയസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകാധിപതികള്‍ എന്നും ഭീരുക്കളാണ്. അവരെ ഐക്യബോധത്തോടെ നേരിടുകയാണ് ആവശ്യം. സഹിഷ്ണുതയോടെയുള്ള ഐക്യനിര രൂപപ്പെടണം.

ചരിത്രം ചാക്രികമാണെന്നത് വസ്തുതയാണ്. 20ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുണ്ടായ കാര്യങ്ങള്‍ 21ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും ആവര്‍ത്തിക്കുന്നത് ഭയപ്പെടുത്തുന്നതാണ്. പോയകാലത്ത് ഹിറ്റ്‌ലറെ അവതരിപ്പിച്ചത് ഗീബല്‍സാണെങ്കില്‍ 21ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഏകാധിപതികളെ ജനകീയരാക്കുന്നത് പി.ആര്‍ ഏജന്‍സികളാണ്. ഒരു പൊതു ശത്രുവിനെ രൂപപ്പെടുത്തിയെടുക്കുന്നത് ഫാഷിസ്റ്റുകളുടെ രീതിയാണ്. ഇന്ത്യയിലത് ന്യൂനപക്ഷങ്ങളാണ്.

ശത്രുവെന്ന് ചിത്രീകരിക്കുന്നവരെ ഇല്ലാതാക്കാന്‍ ഭിന്നിപ്പിന്റെ രീതിയിലൂടെ ഫാഷിസ്റ്റുകള്‍ ശ്രമിക്കുമ്പോള്‍ മതഗ്രന്ഥങ്ങള്‍ എല്ലാവരെയും ഒന്നിപ്പിക്കാനും സ്നേഹിക്കാനും പഠിപ്പിക്കുന്നു. വേദവെളിച്ചം വിശ്വമാനവികതക്ക് വഴിയൊരുക്കണമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. അബ്ദുല്‍ ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, കെ.പി.എ. മജീദ് എം.എല്‍.എ, സ്വാമി ഗുരുരത്നം ധ്യാന തപസ്വി തുടങ്ങിയവര്‍ മുഖ്യാതിഥികളായി. കവി ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഹാഫിള് ഷഹീന്‍ ഹംസയെ ചടങ്ങില്‍ ആദരിച്ചു. ഡോ. മുഹമ്മദ് ഷാന്‍, പി.എ. അബ്ദുൽ ഹമീദ് എന്നിവര്‍ പുസ്തക പ്രകാശനം നടത്തി.

ഖുര്‍ആന്‍ ഡോക്യുമെന്ററി സെഷനില്‍ ഇര്‍ഷാദ് സ്വലാഹി, ടി.പി. ഹുസൈന്‍കോയ, പി.കെ. ഷബീബ്, അബ്ദുല്‍ അസീസ് സ്വലാഹി, ഇബ്രാഹിം ബുസ്താനി എന്നിവര്‍ സംസാരിച്ചു. പി.സി. ഷക്കീര്‍ ഫാറൂഖി പ്രമേയാവതരണം നടത്തി. അബ്ദുല്‍ കരീം വല്ലാഞ്ചിറ, സുബൈര്‍ ആലപ്പുഴ, ഷാഹിദ് ഷഹീന്‍ ബ്‌നു ഹംസ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    
News Summary - State Conference of Mujahid proudly; V.D. Satheesan should strengthen the defense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.