തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷിന് എതിരായ യു.എ.പി.എ കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. യു.എ.പി.എ ചുമത്തിയത് റദ്ദാക്കിയ ഹൈകോടതി വിധിക്ക് എതിരായ ഹരജിയാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. കേസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് നടപടി.
വളയം, കുറ്റ്യാടി കേസുകളുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാറിന്റെ നീക്കം. കുറ്റ്യാടി,വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത മൂന്ന് യു.എ.പി.എ കേസുകൾ ഹൈകോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. യു.എ.പി.എ ചുമത്തിയതിനെതിരെ രൂപേഷ് നൽകിയ ഹരജി അംഗീകരിച്ചായിരുന്നു ഹൈകോടതിയുടെ നടപടി.
നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ച് 2013ൽ കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ രണ്ടു കേസിലും 2014ൽ വളയം പൊലീസ് സ്റ്റേഷനിലെ ഒരു കേസിലുമാണ് രൂപേഷിനെതിരെ യു.എ.പി.എ ചുമത്തിയത്. എന്നാൽ, യു.എ.പി.എ അതോറിറ്റിയിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി കൃത്യസമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് നൽകിയ ഹരജിയിൽ ഹൈകോടതി സിംഗിൾ, ഡിവിഷൻ ബെഞ്ചുകൾ അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
തുടർന്ന് യു.എ.പി.എ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകുകയായിരുന്നു. ഈ നീക്കത്തിൽ സർക്കാറിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് സർക്കാറിന്റെ നിലപാട് മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.