എസ്.സി-എസ്.ടി ലിസ്റ്റ് അട്ടിമറിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ 21ന് സംസ്ഥാന ഹർത്താൽ

കൊച്ചി: പട്ടികജാതി-വർഗ ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും, എസ്.സി.-എസ്.ടി വിഭാഗങ്ങളിൽ 'ക്രീമിലെയർ' നടപ്പാക്കാനും 2024 ആഗസ്റ്റ് ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സംസ്ഥാന ഹർത്താൽ നടത്തുമെന്ന് ദലിത്-ആദിവാസി സ്ത്രീ-പൗരാവകാശ കൂട്ടായ്മ ചെയർമാൻ എം. ഗീതാനന്ദൻ അറിയിച്ചു. വിവിധ ആദിവാസി -ദലിത് സംഘടനകൾ യോഗം ചേർന്നാണ് ഹർത്താൽ തീരുമാനിച്ചത്. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്നും ഒഴിവാക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സുപ്രീം കോടതി വിധിക്കെതിരെ ഭീം ആർമിയും വിവിധ ദലിത് - ബഹുജൻ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാന ഹർത്താൽ ആഹ്വാനം ചെയ്യുന്നത്. കോടതി വിധി മറി കടക്കാൻ പാർലമെ്റിൽ നിയമ നിർമാണം നടത്തണമെന്നതാണ് മുഖ്യമായ ആവശ്യം. ഭരണഘടനയുടെ 341 ഉം, 342 ഉം വകുപ്പുകളനുസരിച്ച് പാർലമെൻറ് അംഗീകാരം നല്കുന്ന എസ്.സി-എസ്.ടി ലിസ്റ്റ് ഇന്ത്യൻ പ്രസിഡൻറ് വിജ്ഞാപനം ചെയ്യുന്നു. ഈ ലിസ്റ്റിൽ കൂട്ടിച്ചേർക്കലുകൾ, ഒഴിവാക്കൽ, മാറ്റങ്ങൾ എന്നിവ വരുത്താൻ പാർല മെൻറിന് മാത്രമേ അധികാരമുള്ളൂ. ജാതി വ്യവസ്ഥയുടെ ഭാഗമായ അയിത്തത്തിന് വിധേയമായി മാറ്റി നിർത്തപ്പെട്ട വരെ ഒരു വിഭാഗമായി കണക്കാക്കിയാണ് പട്ടികജാതി, പട്ടികവർഗം എന്ന് നിർണയിക്കുന്നത്.

ആചാരാനുഷ്ഠാനങ്ങൾ, ഭാഷകൾ, വിശ്വാസരീതികൾ എന്നിവയിൽ വൈവിധ്യമുണ്ടാകാമെങ്കിലും അയിത്തത്തിന് വിധേയമായതിനാൽ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി പിന്നോക്കം നിന്നവരെ ഏകതാന സ്വാഭാവമുള്ളവരായി കണക്കാക്കുന്നു. ഈ വിഭാഗങ്ങൾക്കിടയിൽ മേൽതട്ടും കീഴിത്തട്ടുമില്ല. അതുപോലെ സവിശേ ഷമായ വംശീയ സ്വഭാവങ്ങളും ഒറ്റപ്പെട്ട ജീവിതസാഹചര്യവുമുള്ളവരെ പട്ടികവർഗ ക്കാരായും കണക്കാക്കുന്നു.

എന്നാൽ പട്ടികജാതി-വർഗക്കാർ വൈവിധ്യമാർന്ന സ്വഭാവമുള്ളവരാണെന്നും അവർക്കിടയിൽ ജാതി വിവേചനം നിലനിൽക്കുന്നുണ്ടെന്നും വിലയിരുത്തി ജാതിയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തരം തിരിക്കണമെന്നാണ് കോടതിവിധി പറയുന്നത്. നിലവിലുള്ള എസ്.സി-എസ്.ടി ലിസ്റ്റ് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് സംസ്ഥാന സർക്കാർ വിഭജിക്കണമെന്ന് കോടതി ഉത്തരവിട്ടു. ചുരുക്കത്തിൽ ഇന്ത്യൻ പാർലമെന്റിനും, പ്രസിഡൻറിനും ഭരണഘടന നൽകിയ അധികാരം സുപ്രീംകോടതി റദ്ദാക്കി. ക്രീമിലെയർ നടപ്പാക്കില്ലെന്ന് ബി.ജെ.പി സർക്കാർ പറഞ്ഞിട്ടുണ്ടെങ്കിലും, ലിസ്റ്റ് വിഭജനത്തിന്റെ അടിസ്ഥാനം ക്രിമിലെയർ വിഭജനമാണെന്ന് കേന്ദ്രസർക്കാർ കണ്ടിട്ടില്ല. ഭരണഘടനാ വിരുദ്ധമായ ഉത്തരവ് മറികടക്കാൻ എന്തെങ്കിലും ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല.

വ്യക്തമായ വിവരങ്ങൾ ഇല്ലാതെ കോടതിയും സർക്കാരും നിയമനിർമാണം നടത്തുന്ന സാഹചര്യത്തിൽ സമഗ്രമായ ജാതി സെൻസസ് ദേശീയ തലത്തിൽ നടത്തണമെന്നതാണ് ഹർത്താലിലൂടെ ആവശ്യപ്പെടുന്നത്. സുപ്രീം കോടതി വിധി മറികടക്കാർ പാർലമെൻറ് നിയമ നിർമാണം നടത്തുക, വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിച്ച 2.5 ലക്ഷം രൂപ വാർഷിക വരുമാനപ രിധി ഉൾപ്പെടെ എല്ലാ തരം ക്രീമിലെയർ നയങ്ങളും റദ്ദാക്കുക, എസ്.സി-എസ്.ടി ലിസ്റ്റ് ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ. ഐ.ആർ. സദാനന്ദൻ, സി.ജെ. തങ്കച്ചൻ, സി.കെ. ഷീബ, ഡോ. എൻ.വി. ശശിധരൻ, കെ.അമ്പുജാക്ഷൻ, എം.കെ. ദാസൻ

രമേശ് അഞ്ചലശ്ശേരിൽ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

Tags:    
News Summary - State hartal on 21st against the Supreme Court verdict overturning the SC-ST list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.