കുട്ടികൾക്കുള്ള വാക്സിനേഷന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കുട്ടികള്‍ക്കുള്ള വാക്‌സിനേഷന് സംസ്ഥാനം സജ്ജമാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രം അനുമതി നല്‍കുന്ന മുറക്ക് നടപടികള്‍ സ്വീകരിക്കുന്നതാണ്.  പരമാവധി പരിശോധനകള്‍ നടത്തി രോഗികളെ കണ്ടെത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനാലാണ് ടി.പി.ആര്‍. കൂടി നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ രോഗബാധയുള്ള ആറിലൊരാളെ പരിശോധനയിലൂടെ കണ്ടെത്തുമ്പോള്‍ ദേശീയ തലത്തില്‍ അത് മുപ്പത്തിമൂന്നില്‍ ഒരാളെ മാത്രമാണ്. കോവിഡ് കേസുകള്‍ കൂടി നില്‍ക്കുന്നതിനാല്‍ ഇക്കാലത്തെ ഓണക്കാലത്ത് എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. ജീവനും ജീവിതോപാധിയും പ്രധാനമാണ്. സ്വയം പ്രതിരോധമാണ് ഏറ്റവും വലുതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് ആരംഭിച്ച ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ വിജയകരമായാല്‍ കൂടുതല്‍ ജില്ലകളില്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററിലൂടെ വാഹനത്തിലിരുന്ന് വാക്‌സിന്‍ സ്വീകരിക്കാം എന്നതാണ് പ്രത്യേകത. ഗവ. വിമണ്‍സ് കോളേജിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളില്‍ പ്രായമുള്ള അര്‍ഹരായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ള 52 ശതമാനത്തിന് മുകളില്‍ ഒന്നാം ഡോസും 19 ശതമാനത്തിന് മുകളില്‍ രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. വാക്‌സിനേഷന്‍ പ്രക്രിയ സുഗമമായി നടക്കാന്‍ പ്രയത്‌നിക്കുന്ന സഹ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

Tags:    
News Summary - State ready for child vaccination: Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.