തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ ചാമ്പ്യൻമാർക്കുള്ള സ്വർണക്കപ്പിന്റെ കലോത്സവ വേദിയിലേക്കുള്ള പ്രയാണം ഇന്ന് തുടങ്ങും. കാഞ്ഞങ്ങാട്ടുനിന്ന് തുടങ്ങുന്ന സ്വർണക്കപ്പ് യാത്ര ജനുവരി മൂന്നിന് വൈകീട്ട് ആറിന് കലോത്സവത്തിന്റെ പ്രധാന വേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തും. മുഴുവൻ ജില്ലകളിലെയും സ്വീകരണത്തിനു ശേഷമാണ് സ്വർണക്കപ്പ് കലോത്സവ വേദിയിലെത്തുക.
ആദ്യദിനത്തെ യാത്ര കോഴിക്കോട് ജില്ലയിൽ അവസാനിക്കും. രണ്ടാം ദിവസം കോഴിക്കോട്ടുനിന്ന് തുടങ്ങി അങ്കമാലിയിൽ അവസാനിക്കും. മൂന്നാം ദിനം അങ്കമാലിയിൽ തുടങ്ങുന്ന യാത്ര കൊട്ടാരക്കരയിൽ അവസാനിക്കും.
നാലാം ദിനമായ ജനുവരി മൂന്നിന് രാവിലെ ഏഴിന് കൊട്ടാരക്കരയിൽ നിന്ന് തുടങ്ങുന്ന സ്വർണക്കപ്പ് യാത്ര ഒമ്പതിന് തിരുവനന്തപുരം-കൊല്ലം ജില്ല അതിർത്തിയായ തട്ടത്തുമലയിലെത്തും. തട്ടത്തുമലയിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ സ്വർണക്കപ്പ് ഏറ്റുവാങ്ങും.
1985ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബാണ് സ്കൂൾ കലോത്സവ വിജയികൾക്ക് സ്വർണക്കപ്പ് പ്രഖ്യാപിച്ചത്. പിറ്റേ വർഷം തൃശൂരിലായിരുന്നു കലോത്സവമെങ്കിലും സ്പോൺസർമാരെ കിട്ടാത്തതിനാൽ സ്വർണക്കപ്പെന്ന മോഹം ലക്ഷ്യത്തിലെത്തിയില്ല. തൃശൂരിലെ കലോത്സവ സമാപനത്തിന് സ്വർണം പൂശിയ ട്രോഫിയാണ് നൽകിയത്.
എന്നാൽ, ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ വരച്ച മാതൃകയിലുള്ള സ്വർണക്കപ്പ് 1987ൽ കോഴിക്കോട്ട് നടന്ന 27ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ യാഥാർഥ്യമായി. ആദ്യ സ്വർണക്കപ്പ് സ്വന്തമാക്കിയത് തിരുവനന്തപുരം ജില്ലയാണെന്നതും ചരിത്രം.
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളാകുന്നവർക്കായി ഒരുങ്ങുന്നത് 15,000ത്തോളം ട്രോഫികളും ഉപഹാരങ്ങളും. ഗ്രേഡ് നേടുന്നവർക്ക് സർട്ടിഫിക്കറ്റും മെമന്റോയും ലഭിക്കുമ്പോൾ പങ്കെടുക്കുന്നവർക്കെല്ലാം മെമന്റോയും ലഭിക്കും. ജില്ലകളിൽ നിന്ന് വിജയികളായി എത്തുന്നവരുടെ എണ്ണം 10026 ആണ്.
എന്നാൽ അപ്പീൽ, കോടതി വിധികൾ വഴി വരുന്നവരെ കൂടി പരിഗണിക്കുന്നതോടെ 15000ത്തോളം പേരെങ്കിലുമാകും. തൃശൂരിലാണ് വിജയികൾക്കായുള്ള മെമന്റോകളും ട്രോഫികളും ഒരുക്കുന്നത്. വ്യക്തിഗത വിജയികൾക്ക് പുറമെ മികച്ച ജില്ല, മികച്ച സ്കൂൾ എന്നിവക്ക് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലും അറബിക് സാഹിത്യോത്സവത്തിലും സംസ്കൃതോത്സവത്തിലും ട്രോഫികളുണ്ട്.
ആദ്യ മൂന്ന് സ്ഥാനക്കാർക്കാണ് ട്രോഫികൾ. ഓവറോൾ ചാമ്പ്യൻഷിപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വരുന്ന ജില്ലകൾക്കും പ്രത്യേകം ട്രോഫിയുണ്ട്. ചാമ്പ്യൻമാരാകുന്ന ജില്ലക്ക് സ്വർണക്കപ്പ് നൽകുകയും തിരികെ വാങ്ങുമ്പോഴും സൂക്ഷിക്കാനായി മറ്റൊരു ട്രോഫി നൽകും. കേരള അറബിക് മുൻഷീസ് അസോസിയേഷനാണ് ഇത്തവണ ട്രോഫി കമ്മിറ്റിയുടെ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.