സംസ്ഥാനത്തെ ഹജ്ജ് യാത്രാ നിരക്ക് ഏകീകരിക്കണം -എം.കെ രാഘവൻ എം.പി

കോഴിക്കോട്: കോഴിക്കോട് എംബാർക്കേഷൻ പോയിന്‍റിൽ നിന്നുള്ള ഹജ്ജ് വിമാന നിരക്ക് കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലെ നിരക്കിന് തുല്യമായി ഏകീകരിക്കണമെന്നും ടെണ്ടർ നടപടികൾ പൂർത്തിയാകും മുമ്പ് തീർത്ഥാടകരുടെ പക്ഷത്ത് നിന്ന് പരിഹാരമുണ്ടാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നും എം.കെ രാഘവൻ എം.പി. ഇത് സംബന്ധിച്ച് കേന്ദ്ര ന്യൂനപക്ഷ, ഹജ്ജ് കാര്യ മന്ത്രി കിരൺ റിജിജുവിനും കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു റാം മോഹൻ നായിഡുവിനും നൽകിയ സന്ദേശത്തിലാണ് എം.പി ആവശ്യമുന്നയിച്ചത്.

സംസ്ഥാനത്തെ 83% ലേറെ വരുന്ന തീർത്ഥാടകർ തെരഞ്ഞെടുക്കുന്ന കോഴിക്കോട് എംബാർക്കേഷൻ പോയിന്‍റ് ഘട്ടം ഘട്ടമായി തകർക്കാനുള്ള നീക്കമാണ് ഇത്തവണയും നടക്കുന്നതെന്ന് ആരോപിച്ച എം.പി, ടെണ്ടർ നടപടിക്രമങ്ങൾ സുതാര്യമാക്കണമെന്നും നിരക്ക് പരിധി നിശ്ചയിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം 10515 തീർത്ഥാടകർ യാത്രയായ കോഴിക്കോട് എംബാർക്കേഷൻ പോയിന്‍റിൽ നിന്ന് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത് 5755 തീർത്ഥാടകരാണ്. കോഴിക്കോട് എംബാർക്കേഷൻ പോയിന്‍റ് തകർക്കാൻ സ്വകാര്യ വിമാനത്താവള മാനേജ്‌മെന്‍റുകളും എയർലൈൻ കമ്പനികളും സംയുക്തമായി നടത്തുന്ന ശ്രമമാണ് അധിക നിരക്കിന് പിന്നിലെന്ന് ഇതിലൂടെ തെളിയുകയാണെന്നും എം.പി ആവർത്തിച്ചു.

പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം കോഴിക്കോട് നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ക്വോട്ട് ചെയ്തിരിക്കുന്ന 1,25,000 രൂപ ഇരു വശത്തേക്കുമുള്ള യാത്രയെ സംബന്ധിച്ച് ക്രമാതീതമായ നിരക്കാണ്. ഏതെല്ലാം എയർലൈനുകൾ ടെണ്ടറിൽ പങ്കെടുത്തെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട എം.പി, മന്ത്രാലയത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലെയും നിരക്ക് ഏകീകരിണമെന്നും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കോഴിക്കോട് വിമാനത്താവളം വലിയ വിമാന സർവീസുകൾക്ക് പര്യാപ്തമാണെന്നും, ഹജ്ജ് യാത്രക്കായി വലിയ വിമാനങ്ങൾ സർവീസിന് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്നും നിരക്ക് കുറക്കാൻ ഇത് സഹായകമാകുമെന്നും എം. പി ആവശ്യപ്പെട്ടു. ഇക്കാര്യം സിവിൽ ഏവിയേഷൻ മന്ത്രാലയവുമായി ചർച്ച നടത്തണമെന്നും എം.കെ രാഘവൻ ഹജ്ജ് കാര്യ മന്ത്രിയുടെയും വ്യോമയാന മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി.

Tags:    
News Summary - Hajj fare should be unified in the state -MK Raghavan MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.