താനൂർ: 2021ലെ തെരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയായിരുന്ന മന്ത്രി വി. അബ്ദുറഹിമാനെ എസ്.ഡി.പി.ഐ പിന്തുണച്ചെന്ന ആരോപണത്തിൽ വിവാദം. മുസ്ലിം വർഗീയ ചേരിയുടെ പിന്തുണയോടെയാണ് വയനാട്ടിൽ രാഹുൽ ഗാന്ധി ജയിച്ചതെന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രസ്താവനയെ പിന്തുണച്ച് കഴിഞ്ഞദിവസം മന്ത്രി വി. അബ്ദുറഹിമാൻ രംഗത്തുവന്നിരുന്നു.
എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും ലീഗിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്നും പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിൽ എസ്.ഡി.പി.ഐക്ക് പങ്കുണ്ടെന്നുമാണ് വി. അബ്ദുറഹ്മാൻ പറഞ്ഞത്. ഇതിന് മറുപടിയായി തങ്ങളുടെ പിന്തുണയിലാണ് താനൂരിൽ വി. അബ്ദുറഹിമാൻ വിജയിച്ചതെന്നും മന്ത്രി വന്ന വഴി മറക്കരുതെന്നും പറഞ്ഞ് എസ്.ഡി.പി.ഐ മലപ്പുറം ജില്ല നേതൃത്വം രംഗത്തെത്തി. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെ, വി. അബ്ദുറഹിമാൻ താനൂരിൽ ആയിരത്തിൽ താഴെ വോട്ടുകൾക്കാണ് തോൽപ്പിച്ചത്.
മാറ്റം ആഗ്രഹിച്ച ലീഗ് വിരുദ്ധരായ എല്ലാവരും ചേർന്നാണ് തനിക്ക് വോട്ട് ചെയ്തതെന്നും അവരെ തള്ളിപ്പറയുന്നില്ലെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. എസ്.ഡി.പി.ഐ പിന്തുണ സ്വീകരിച്ചിരുന്നോയെന്ന ചോദ്യത്തിന്, മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.