സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദികളായി

കണ്ണൂര്‍: 57ാമത് സംസ്ഥാന കലോത്സവ വേദികള്‍ പുഴകളുടെ പേരില്‍ അറിയപ്പെടും. കൈരളിയുടെ ജലസമൃദ്ധിയും അത് സംരക്ഷിക്കേണ്ടതിന്‍െറ സന്ദേശവുമുയര്‍ത്തി, നിള മുതല്‍ മയ്യഴിവരെ നീളുന്ന 20 പുഴകളുടെ പേരിലാണ് വേദികളുടെ പേര്. പരിസ്ഥിതി സൗഹൃദ-പ്ളാസ്റ്റിക് വിമുക്ത കലോത്സവമെന്ന ഖ്യാതി ലക്ഷ്യമിടുന്ന ഇക്കുറി, ജീവന്‍െറ തുടിപ്പായ ജലത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ വേദികളുടെ നാമത്തെ പ്രതീകവത്കരിക്കുന്ന ദൃശ്യങ്ങളും ഒരുക്കും.

വേദികളുടെ അവ്യക്തത തിരുവനന്തപുരം കലോത്സവത്തിന്‍െറ അവസാന ഘട്ടത്തില്‍ ആശയക്കുഴപ്പമുണ്ടാക്കിയ അനുഭവം മുന്നില്‍ വെച്ച് കണ്ണൂരിലെ വേദികളെല്ലാം അതത് ഇനങ്ങളുമായി ബന്ധപ്പെട്ട പ്രമുഖരുടെ സാന്നിധ്യത്തിലും പരിശോധനക്കും ശേഷമാണ് നിര്‍ണയിച്ചത്. പൊലീസ് മൈതാനിയിലെ  പ്രധാനവേദിക്ക് ‘നിള’യെന്നാണ് പേര്. കലക്ടറേറ്റ് മൈതാനം ‘ചന്ദ്രഗിരി’യെന്നും ടൗണ്‍സ്ക്വയര്‍ ‘കബനി’യെന്നും ജവഹര്‍ സ്റ്റേഡിയം ‘പമ്പ’യെന്നും അറിയപ്പെടും. വളപട്ടണം (ജി.വി.എച്ച്.എസ്.എസ് കണ്ണൂര്‍), കല്ലായി (ഗവ. യു.പി.എസ് മുഴത്തടം, താണ), കവ്വായി (പൊലീസ് ഓഡിറ്റോറിയം), കാര്യങ്കോട് (ഗവ. യു.പി.എസ് താവക്കര), ഭവാനി (ശിക്ഷക് സദന്‍ ഓഡിറ്റോറിയം), പല്ലന (ഗവ. മിക്സ്ഡ് യു.പി.എസ്, തളാപ്പ്), നെയ്യാര്‍ (ജവഹര്‍ ഓഡിറ്റോറിയം), പാമ്പാര്‍ (ഗവ. ടൗണ്‍ എച്ച്.എസ്.എസ് കണ്ണൂര്‍), കടലുണ്ടി (ഗവ. ടൗണ്‍ എച്ച്.എസ്.എസ് ഹാള്‍ കണ്ണൂര്‍), പെരിയാര്‍ (സെന്‍റ് മൈക്കിള്‍സ് എ.ഐ.എച്ച്.എസ്.എസ്), മീനച്ചിലാര്‍ (സെന്‍റ് മൈക്കിള്‍സ് എ.ഐ.എച്ച്.എസ്.എസ് റൂം), മണിമല (സെന്‍റ് മൈക്കിള്‍സ് എ.ഐ.എച്ച്.എസ്.എസ് റൂം), കല്ലട (സെന്‍റ് മൈക്കിള്‍സ് എ.ഐ.എച്ച്.എസ്.എസ് റൂം), കരമന (സെന്‍റ് മൈക്കിള്‍സ് എ.ഐ.എച്ച്.എസ്.എസ് റൂം), ചാലിയാര്‍ (കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരേഡ് ഗ്രൗണ്ട് പള്ളിക്കുന്ന്), മയ്യഴി (സ്റ്റേഡിയം കോര്‍ണര്‍) എന്നിങ്ങനെയാണ് കലോത്സവ വേദികള്‍.

മിക്ക വേദികളും നഗരത്തില്‍ നടന്നുപോകാവുന്ന ദൂരത്തിലാണ്. മൂന്ന് കിലോമീറ്റര്‍ അകലത്തുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഗ്രൗണ്ടായ ‘ചാലിയാറി’ലാണ് ബാന്‍ഡ്മേളം അരങ്ങേറുക. അല്‍പമകലെയുള്ള മറ്റൊരു വേദി സെന്‍റ് മൈക്കിള്‍സ് സ്കൂളാണ്. കലോത്സവത്തിന് ഇനിയും 25 ദിവസം ഉണ്ടെങ്കിലും ഇന്നലെ വേദികളും ഇനങ്ങളും നിശ്ചയിച്ചുകൊണ്ടുള്ള ചാര്‍ട്ട് പ്രോഗ്രാം കമ്മിറ്റി പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ ജെസി ജോസഫ് പ്രകാശനം നിര്‍വഹിച്ചു. പ്രസ്ക്ളബ് പ്രസിഡന്‍റ് കെ.ടി.ശശി ഏറ്റുവാങ്ങി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജനുവരി 16ന് കലോത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിക്കും. പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല ചടങ്ങില്‍ പങ്കെടുക്കും. പന്തലിന്‍െറ കാല്‍നാട്ടുകര്‍മം പുതുവര്‍ഷപ്പുലരിയില്‍ നടക്കും. കലോത്സവത്തോടനുബന്ധിച്ച് വിവിധ ഗോത്രകലകളും മാജിക്ഷോയും ഒരുക്കുന്നുണ്ട്.

 

Tags:    
News Summary - state school youth festival at kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.