തിരുവനന്തപുരം: സംസ്ഥാന വനിത കമീഷൻ അധ്യക്ഷയായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈനെ നിയമിച്ചു. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് നിയമിച്ച കെ.സി. റോസക്കുട്ടി കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് നിയമനം. കമീഷൻ അംഗം നൂർബിന റഷീദ് വിരമിക്കുന്ന ഒഴിവിലേക്ക് എം.എസ്. താരയെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു.
രണ്ടുമാസത്തിലേറെയായി കമീഷനിൽ അധ്യക്ഷയും ഒരംഗവും ഇല്ലാത്ത അവസ്ഥയായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ പെരുകിയിട്ടും ചെയർപേഴ്സൺ ഉൾപ്പെടെ രണ്ട് സുപ്രധാന സ്ഥാനങ്ങളിൽ നിയമനം നടക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികൾ വേഗത്തിലാക്കിയത്. കണ്ണമ്മൂലയിൽ പീഡനത്തിരയായ പെൺകുട്ടിക്ക് നീതി ഉറപ്പാക്കുന്നതിലുൾപ്പെടെ വനിത കമീഷന് ഫലപ്രദമായി ഇടപെടാനായിരുന്നില്ല. അംഗങ്ങളുടെ ഒഴിവുകാരണം ഓഫിസ് പ്രവർത്തനങ്ങളുടെ താളം തെറ്റിയിരുന്നു. കഴിഞ്ഞമാസം സംഘടിപ്പിച്ച അദാലത്തുകളുടെ തുടർനടപടികളും ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്.
ഒഴിവുകൾ നികത്തിയ സാഹചര്യത്തിൽ കമീഷൻ പ്രവർത്തനങ്ങൾ സുഗമമാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും. ചെയർപേഴ്സൺ ഉൾപ്പെടെ അഞ്ച് അംഗങ്ങളാണ് സംസ്ഥാന വനിത കമീഷനിലുള്ളത്. യു.ഡി.എഫ് കാലത്ത് നിയമിതയായ പ്രമീളാദേവി, ഡോ. ലിസി ജോസ്, എൽ.ഡി.എഫ് സർക്കാർ തന്നെ നിയമിച്ച ഷിജി ശിവജി എന്നിവരാണ് മറ്റ് അംഗങ്ങൾ. പ്രമീള ദേവിയുടെ കാലാവധി ജൂലൈയിലും ലിസി ജോസിേൻറത് സെപ്റ്റംബറിലും അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.