തിരുവനന്തപുരം: ഭരണഘടന ലംഘനമുണ്ടായാൽ ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് കേരളം. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് പൂഞ്ചി കമീഷൻ റിപ്പോർട്ടിന്മേലാണ് കേരളം കേന്ദ്രത്തെ നിലപാടറിയിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ്ഖാനുമായുള്ള സർക്കാറിന്റെ പോര് മുറുകിയിരിക്കെയാണ് രാജ്ഭവന്റെ വിവേചനാധികാരങ്ങൾ കുറക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. മറ്റ് ഭരണഘടന ചുമതലകളുള്ളതിനാൽ ഗവർണറെ ചാൻസലർ സ്ഥാനത്തിരുത്തേണ്ട കാര്യമില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ഗവർണറെ ഇംപീച്ച് ചെയ്യാനുള്ള സംവിധാനം ഇല്ലാത്തത് ഭരണഘടന മുന്നോട്ട് വെക്കുന്ന ആശയങ്ങൾക്കെതിരാണെന്നായിരുന്നു ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമീഷൻ റിപ്പോർട്ടിലെ ശിപാർശ. പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റി ഇത് തള്ളിയിരുന്നു. എന്നാൽ കേരളം അന്തിമ റിപ്പോർട്ടിൽ ഗവർണർക്കെതിരായ നിലപാട് കടുപ്പിക്കുന്നു. ഭരണഘടന ലംഘനം, ചാൻസലർ പദവിയിലെ വീഴ്ചകൾ, പ്രോസിക്യൂഷൻ നടപടികളിലെ വീഴ്ചകൾ എന്നിവ ഉണ്ടായാൽ ഗവർണറെ പുറത്താക്കാൻ അനുമതി വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. നിയമസഭകൾക്ക് ഇതിനുള്ള അധികാരം നൽകണം.
വിവിധ വിഷയങ്ങളിൽ സർക്കാറിനെ ഗവർണർ മുൾമുനയിൽ നിർത്തുമ്പോഴാണ് ഭരണഘടന ബാധ്യത നിറവേറ്റിയില്ലെങ്കിൽ ഗവർണറെ പുറത്താക്കാൻ അധികാരം നൽകണമെന്ന ആവശ്യം കേരളം മുന്നോട്ടുവെക്കുന്നത്. നിയമസഭ സെക്രട്ടറിയുടെ റിപ്പോർട്ട് കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. ഇത് ഉടൻ കേന്ദ്രത്തിന് കൈമാറും.
2010ലാണ് പൂഞ്ചി കമീഷൻ റിപ്പോർട്ട് നൽകിയത്. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണർമാരെ മാറ്റണമെന്നായിരുന്നു ശിപാർശ. ഈ റിപ്പോർട്ടിൽ കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയപ്പോൾ ചാൻസലർ പദവി ഗവർണറിൽനിന്ന് മാറ്റണമെന്ന ശിപാർശയെ പിന്തുണച്ചാണ് അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ കേന്ദ്രത്തിന് കത്തയച്ചത്. വിഷയത്തില്‍ പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ടിലെ വിവിധ വിഷയങ്ങളിൽ വീണ്ടും സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.