തിരുവനന്തപുരം: ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ 196 ലോക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി ചുമതലയേറ്റു. ഇതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ നടന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളേജ് എസ്.എച്ച്.ഒ ആയി ഇന്‍സ്‌പെക്ടര്‍ ബിനുകുമാര്‍ സി ചുമതലയേറ്റു.
പൊലീസ് സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് എസ്.എച്ച്.ഒ. പരാതികള്‍ നിയമപരമായി സ്വീകരിക്കാനും കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും അധികാരപ്പെട്ട ഉദ്യോഗസ്ഥനാണ് എസ് എച്ച് ഒ. ആ ചുമതലയില്‍ കൂടുതല്‍ അനുഭവപരിചയമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന് ലോക്‌നാഥ് ബെഹറ പറഞ്ഞു.
കുറ്റാന്വേഷണത്തിന് പ്രത്യേക സംവിധാനം വരുന്നതോടെ കൂടുതല്‍ മികച്ചരീതിയില്‍ അന്വേഷണം നടത്താന്‍ കഴിയും. ആ നിലക്ക് ഏറ്റവും ചരിത്രപ്രാധാന്യമുള്ള ഒന്നാണ് ഈ പരിഷ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ 203 സ്റ്റേഷനുകളില്‍ (നേരത്തെ ഇന്‍സ്‌പെക്ടര്‍മാര്‍ എസ്.എച്ച്.ഒമാരായി ഉണ്ടായിരുന്ന ഏഴു സ്റ്റേഷനുകള്‍ ഉള്‍പ്പെടെ) ഇന്‍സ്‌പെക്ടര്‍മാര്‍ എസ്.എച്ച്.ഒമാരായ സ്റ്റേഷനുകള്‍ നിലവില്‍ വന്നു. ഇവരുടെ കീഴില്‍ ക്രമസമാധാനപാലനവും കുറ്റാന്വേഷണ ചുമതലകളുമുള്ള രണ്ട് എസ്.ഐമാര്‍ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.