കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ തടഞ്ഞ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഹൈകോടതി നീട്ടി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കൾ നൽകിയ ഹരജി ജനുവരി ഒമ്പതിലേക്ക് മാറ്റിയതിനെ തുടർന്നാണ് ഇടക്കാല ഉത്തരവും നീട്ടിയത്.
മേയ് 10ന് പുലർച്ചെയാണ് ഡോ. വന്ദനദാസ് ആക്രമിക്കപ്പെട്ടത്. വൈദ്യപരിശോധനക്കായി പൊലീസ് എത്തിച്ച ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ സന്ദീപാണ് ആക്രമിച്ചത്. പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം അഭ്യർഥിച്ചതിനെ തുടർന്നാണ് അധ്യാപകനായ സന്ദീപിനെ മുറിവിൽ മരുന്നുവെക്കാനായി ആശുപത്രിയിൽ കൊണ്ടുവന്നത്. ആശുപത്രിയിക്കുള്ളിൽവെച്ച് ഇയാൾ അക്രമാസക്തനായി.
സന്ദീപിന്റെ ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ, ആശുപത്രി പരിസരത്തുണ്ടായിരുന്ന രോഗികൾ തുടങ്ങിയവർ ഉൾപ്പെടെ 136 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. പൊലീസുകാരെ ഉൾപ്പെടെ സന്ദീപ് കുത്തിപ്പരിക്കേൽപിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ട്. സന്ദീപിന്റെ വസ്ത്രങ്ങളിലെ വന്ദനയുടെ രക്തക്കറ, കുത്താൻ ഉപയോഗിച്ച കത്രികയിലെ വന്ദനയുടെ രക്തം തുടങ്ങിയവ സംബന്ധിച്ച ഫോറൻസിക് ലാബ് റിപ്പോർട്ടുകളടക്കം 200 രേഖകളും 110 തൊണ്ടിമുതലും ഉൾപ്പെടുത്തിയുള്ളതാണ് 150 പേജുള്ള കുറ്റപത്രം.
സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇതു മറച്ചുവെച്ചാണ് അന്വേഷണമെന്നുമാണ് മാതാപിതാക്കളായ കെ.ജി. മോഹൻദാസിന്റേയും ടി. വസന്തകുമാരിയുടേയും ആരോപണം. എന്നാൽ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് സർക്കാർ വാദം.
ജാമ്യം തേടി പ്രതി സന്ദീപ് സമർപ്പിച്ച ഹരജിയും ജസ്റ്റിസ് പി. ഗോപിനാഥിന്റെ പരിഗണനയിലുണ്ട്. ഈ ഹരജികൾ നിലവിലുള്ള സാഹചര്യത്തിലാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്ത് നേരത്തെ ഇടക്കാല ഉത്തരവുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.