കൊച്ചി: പൊലീസ് സേനാംഗങ്ങളെ പരിഷ്കൃതരാക്കാൻ നടപടിയുണ്ടാകണമെന്ന് ഹൈകോടതി. ഇതിനുള്ള മാർഗങ്ങൾ ചർച്ചചെയ്യുന്നതിന് സംസ്ഥാന പൊലീസ് മേധാവി 26ന് ഉച്ചക്ക് 1.45ന് ഓൺലൈനായി നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. പാലക്കാട് ആലത്തൂരിലടക്കം പൊലീസുകാർ അഭിഭാഷകരെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യഹരജികളിലാണ് നിർദേശം. ഹരജികളിലെ എതിർകക്ഷികളായ പൊലീസുകാർക്കെതിരേ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും സർക്കാർ അടുത്ത അവധിക്ക് ഹാജരാക്കണം.
കോടതികൾ പല നിർദേശങ്ങൾ നൽകിയിട്ടും പൊലീസിന്‍റെ മോശം പെരുമാറ്റം സംബന്ധിച്ച് ജനങ്ങളുടെ പരാതികൾ തുടരുകയാണ്. മറുഭാഗത്തുനിന്നുള്ള പ്രകോപനങ്ങളും ഇതിന് കാരണമാണെന്നാണ് പൊലീസ് വകുപ്പിൽനിന്നുള്ള വിശദീകരണം. എന്നാൽ, ജനങ്ങളെ സംരക്ഷിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ പ്രകോപനമുണ്ടായാലും അതേനാണയത്തിൽ പ്രതികരിക്കുകയല്ല വേണ്ടത്. ഭരണഘടനാനുസൃതമായി സംസ്കാരത്തോടെ പെരുമാറുകയാണ് വേണ്ടത്.
പരാതികളിൽ സ്വീകരിച്ച അച്ചടക്ക നടപടികളെക്കുറിച്ച് ഡി.ജി.പി നേരത്തേ ഹാജരായി വിശദീകരിച്ചിരുന്നു. എന്നാൽ, വകുപ്പുതല നടപടി മാത്രം പോരാ. അധിക്ഷേപ പെരുമാറ്റങ്ങളുടെ പൊതുരീതി പഠിച്ച് പൊലീസുകാരെ പരിഷ്കൃതരാക്കാൻ മേധാവികൾ നടപടിയെടുക്കണം. നമ്മൾ കൊളോണിയൽ കാലത്തല്ലെന്നും എല്ലാവരും തുല്യരാണെന്ന് ആഹ്വാനം ചെയ്യുന്ന മഹത്തായ ഭരണഘടനയുടെ യുഗത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.