കൊച്ചി: ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ ആക്രമണങ്ങൾ തടയാനും ആവർത്തിക്കാതിരിക്കാനും സ്വീകരിക്കുന്ന നടപടികൾ അടിയന്തരമായി അറിയിക്കണമെന്ന് ഹൈകോടതി. ഇത്തരം സംഭവങ്ങൾ പതിവായ സാഹചര്യത്തിൽ പരിഹാരത്തിനുതകുന്ന നിയമ നിർമാണമടക്കം നിർദേശങ്ങൾ സമർപ്പിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാറിനോട് ആവശ്യപ്പെട്ടു.
ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ അതിക്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി പരിഗണിക്കവെ, ഡോക്ടർമാർക്കെതിരെ ആക്രമണം നടന്ന കോഴിക്കോട്, മൂവാറ്റുപുഴ സംഭവങ്ങളിലെ റിപ്പോർട്ട് സർക്കാർ അഭിഭാഷകൻ കൈമാറി. ബോധപൂർവമല്ലെങ്കിലും ഇത്തരം സംഭവങ്ങൾ ന്യായീകരിക്കാൻ ശ്രമം നടക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു.
എന്തിന്റെ പേരിലായാലും ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാവില്ല. ഇത് ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ സർക്കാർ അറിയിക്കണം. അനിഷ്ടസംഭവങ്ങൾ ഉണ്ടായ ശേഷമുള്ള നടപടികളേക്കാൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾക്കാണ് കോടതി പ്രാധാന്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.