വണ്ടൂർ/പൊന്നാനി: വണ്ടൂരിലും പൊന്നാനിയിലും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പിഞ്ചുകുട്ടികളടക്കം അഞ്ചുപേർക്ക് പരിക്ക്. സ്കൂള്‍ വരാന്തയിൽ നിൽക്കവെയാണ് വണ്ടൂര്‍ സ്വദേശി മുക്കണ്ണന് ശിഹാബിെൻറ മകന് അയാദിന്‍ (അഞ്ച്) പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെ വണ്ടൂര്‍ അങ്ങാടിയിലെ ക്രസൻറ് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു സംഭവം.
മുഖത്തും തലയിലുമടക്കം 12ഓളം ഭാഗങ്ങൾ നായ് കടിച്ചുകീറി. തലക്ക് പിറകിലും കണ്ണിലും കൈത്തണ്ടയിലും ആഴത്തിൽ മുറിവേറ്റു. ഉടന്‍ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിറകിലൂടെയെത്തിയാണ് ആക്രമിച്ചത്. കടിച്ച നായെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു. കഴിഞ്ഞയാഴ്ചയും വണ്ടൂരില്‍ നാലുപേരെ പേ പിടിച്ച തെരുവുനായ് ആക്രമിച്ചിരുന്നു.
പൊന്നാനിയിൽ രണ്ട് വയസ്സുകാരനടക്കം നാല് പേർക്കാണ് പരിക്കേറ്റത്. പൊന്നാനി ചെറുവായ്ക്കര കോളനിയിൽ ബുധനാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. നഗരസഭയിലെ 14ാം വാർഡ് കൗൺസിലർ വത്സലയുടെ മാതാവ് കോട്ടയിൽപടി വള്ളി (66), മകൻ ശരത് (21), അയൽവാസികളായ മൂച്ചിക്കപ്പറമ്പ് അംബിക (48), പേരമകൻ ആദികേശ് (രണ്ട്) എന്നിവർക്കാണ് പരിക്ക്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന രണ്ട് വയസ്സുകാരൻ ആദികേശിനെയാണ് ആദ്യം കടിച്ചത്.
നായ് കുട്ടിയുടെ കാലിൽ കടിക്കുന്നത് കണ്ട അംബിക രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇവരുടെ പുറത്തും കടിച്ചു. കരച്ചിൽ കേട്ട് കൗൺസിലറും അയൽവാസിയുമായ വത്സല ഓടിയെത്തി നായെ ഓടിച്ചു വിടുകയായിരുന്നു. തുടർന്ന്, അഞ്ച് മിനിറ്റിന് ശേഷമാണ് വള്ളിയെ കടിച്ചത്. ഇവരുടെ ഇരുകൈകൾക്കും പരിക്കേറ്റു. രക്ഷപ്പെടുത്താൻ വന്നപ്പോഴാണ് ശരത്തിന് കടിയേറ്റത്. പരിക്കേറ്റവരെ ആദ്യം പൊന്നാനി താലൂക്കാശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.