തിരുവനന്തപുരം: പോപുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്തും കർശന തുടർനടപടിക്ക് നിർദേശം. സംഘടനകളുടെ ഓഫിസുകൾ പൂട്ടി മുദ്രവെക്കാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയനുമായി ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
സുരക്ഷ വിന്യാസം ശക്തമാക്കി. സംഘടനയുമായി ബന്ധപ്പെട്ട നിരീക്ഷണം പൊലീസ് ശക്തമാക്കി. മറ്റ് പേരുകളിലോ പേരൊന്നുമില്ലാതെയോ പ്രവർത്തിക്കാൻ ശ്രമിച്ചാൽ യു.എ.പി.എ നിയമപ്രകാരം നടപടിയെടുക്കും. സമൂഹമാധ്യമങ്ങളിലും ശക്തമായ നിരീക്ഷണമുണ്ടാകും. സംഘടനകളെ നിരോധിച്ചുള്ള കേന്ദ്ര സർക്കാറിന്റെ വിജ്ഞാപനം ലഭിച്ചാലുടൻ സംസ്ഥാന സർക്കാറും ഉത്തരവിറക്കും.
കേന്ദ്ര നിരോധം വന്നതിന് പിന്നാലെ ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി അടക്കമുള്ളവർ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിനുശേഷം മുഖ്യമന്ത്രിയെയും ധരിപ്പിച്ചു. ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന വിവരം ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു.
കരുതൽ തടങ്കലടക്കം കർശന നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി നിർദേശം നൽകി. കേന്ദ്ര നിർദേശങ്ങൾക്കനുസരിച്ച തുടർനടപടികൾ സംസ്ഥാനത്തുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.