തിരുവനന്തപുരം: റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിെൻറ ഭാഗമായി ആഗസ്റ്റ് അഞ്ചുമുതൽ 31വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന കർശനമായി നടത്തും.
ഓരോ തീയതികളിൽ ഓരോതരം നിയമലംഘനങ്ങൾക്കെതിരെയാണ് പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്ത പരിശോധനകൾ മറ്റ് വിഭാഗങ്ങളുടെകൂടി സഹകരണത്തോടെ നടപ്പാക്കുന്നത്. സംസ്ഥാനത്തെ അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിെൻറ ഭാഗമായാണ് നടപടികൾ.
ആഗസ്റ്റ് അഞ്ചുമുതൽ ഏഴുവരെ സീറ്റ് ബെൽറ്റ്, ഹെൽമറ്റ്, എട്ടുമുതൽ 10 വരെ അനധികൃത പാർക്കിങ്, 11 മുതൽ 13വരെ അമിതവേഗം (പ്രത്യേകിച്ച് സ്കൂൾ മേഖലയിൽ), 14 മുതൽ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലൈൻ ട്രാഫിക്കും, 17 മുതൽ 19 വരെ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, 20 മുതൽ 23 വരെ സീബ്രാ ക്രോസിങ്ങും റെഡ് സിഗ്നൽ ജംപിങ്ങും, 24 മുതൽ 27 വരെ സ്പീഡ് ഗവേണറും ഓവർലോഡും, 28 മുതൽ 31 വരെ കൂളിങ് ഫിലിം, കോൺട്രാക്ട് കാര്യേജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങൾ തിരിച്ചാണ് പരിശോധന.
പരിശോധനകളുടെ മേൽനോട്ടത്തിനായി സംസ്ഥാനതലത്തിൽ ഐ.ജി ട്രാഫിക്കിനെ നോഡൽ ഓഫിസറായും ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ, പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർ (റോഡ്സ് ആൻഡ് ബ്രിഡ്ജസ്), ചീഫ് എൻജിനീയർ (എൻ.എച്ച്), ആരോഗ്യ, വിദ്യാഭ്യാസവകുപ്പ് മേധാവികൾ അംഗങ്ങളുമായ കമ്മിറ്റിയും ജില്ലതലത്തിൽ കലക്ടർ ചെയർമാനും ജില്ല പൊലീസ് സൂപ്രണ്ട് നോഡൽ ഓഫിസറായും റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ, പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ (റോഡ്സ് ആൻഡ് ബ്രിഡ്ജസ്), (എൻ.എച്ച്) തുടങ്ങിയവർ അംഗങ്ങളായും കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികൾ ആഴ്ചതോറും നടപടികൾ അവലോകനം ചെയ്യും.
വാഹനപരിശോധനകൾക്ക് പുറമെ, മറ്റ് ട്രാഫിക് നിയമലംഘനങ്ങൾ ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കാനും വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നിവക്ക് പിടിക്കപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
ഇവർക്ക് റോഡ് സുരക്ഷയെക്കുറിച്ച് ഒരുദിവസത്തെ ക്ലാസ് നൽകും. ബസ് ബേകളിൽ നിർത്താതെ റോഡിൽ നിർത്തുന്ന കെ.എസ്.ആർ.ടി.സി/സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കും.
എല്ലാ സ്കൂളുകളും കേന്ദ്രീകരിച്ച് സ്കൂൾ ബസുകളുടെ അമിതവേഗം, ഓവർലോഡ് തുടങ്ങിയവ പരിശോധിക്കും. കാറുകളിൽ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടോ എന്നും പരിശോധിക്കും.പൊതുമരാമത്ത് വകുപ്പ് മുൻകൈയെടുത്ത് നടപ്പാതകളിലും റോഡിലുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കും. നടപ്പാതകളിലും റോഡിലുമുള്ള മറ്റ് അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കലക്ടർമാരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും തലത്തിൽ രണ്ടാംഘട്ട നടപടി സ്വീകരിക്കും.
കാട് പിടിച്ചതോ കാണാൻ സാധിക്കാത്തതോ ആയ സൈൻ ബോർഡുകൾ വൃത്തിയാക്കാൻ ആഗസ്റ്റ് 10ന് നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.