തിരുവനന്തപുരം: അനുനയത്തിൽ അടങ്ങാതെ നടുത്തളത്തിൽ അസാധാരണ പ്രതിഷേധമതിലുയർത്തുകയായിരുന്നു പ്രതിപക്ഷം. നിയമസഭ നടപടികൾ വെട്ടിച്ചുരുക്കി അനിശ്ചിതകാലത്തേക്ക് പിരിയുന്നതിലേക്ക് വഴിതുറന്നതും ചോദ്യോത്തരവേളയിലെ ഈ സമര പ്രഖ്യാപനവും വിയോജിപ്പും തന്നെ. തിങ്കളാഴ്ചയിലേതിന് സമാനമായി ഒന്നാം മിനിറ്റിൽതന്നെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് വിയോജനം പ്രഖ്യാപിച്ചു. സഭനടപടികൾ തടസ്സപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ ഒരു മുൻകൈയും സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും സർക്കാർ ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ നിലപാടാണ് സ്വീകരിക്കുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. പിന്നാലെ അൻവർ സാദത്ത്, ടി.ജെ. വിനോദ്, കുറുക്കോളി മൊയ്തീൻ, എം.കെ.എം. അഷ്റഫ്, ഉമ തോമസ് എന്നിവർ നടുത്തളത്തിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങുന്നെന്ന പ്രഖ്യാപനവും. ഇതോടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്ക്. സമാന്തരമായി ചോദ്യോത്തരവേളയിലേക്ക് സ്പീക്കറും കടന്നു. പ്രതിഷേധത്തിനിടെ ചോദ്യോത്തരവേള അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ സഭ നടപടികൾ വെട്ടിച്ചുരുക്കുന്നതിലേക്കും ശേഷിക്കുന്നവ വേഗത്തിൽ പൂർത്തിയാക്കുന്നതിലേക്കും സ്പീക്കർ കടക്കുകയായിരുന്നു.
പ്രതിപക്ഷത്തിന്റെ നടുത്തളത്തിലെ സത്യഗ്രഹ നീക്കത്തെ നേരിടാൻ മറ്റ് ഭരണപക്ഷാംഗങ്ങളെക്കാൾ മന്ത്രിമാരാണ് ആദ്യം തുനിഞ്ഞത്. നടുത്തളത്തിൽ നിരാഹാരമോ സത്യഗ്രഹമോ പ്രഖ്യാപിക്കുക ചട്ടത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ് എഴുന്നേറ്റ മന്ത്രി കെ. രാജൻ, സമാന്തരസഭ നടത്തിയത് പ്രധാന കുറ്റമായി സ്പീക്കർ റൂളിങ് നൽകിയ സാഹചര്യത്തിൽ ഇതെല്ലാം സഭയുടെ നടത്തിപ്പിനോടുള്ള വെല്ലുവിളിയായി കാണണമെന്ന് ആവശ്യപ്പെട്ടു. കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് എം.ബി. രാജേഷും പറഞ്ഞു. സ്പീക്കറെതന്നെ അവഹേളിക്കുന്ന രീതിയിൽ സമാന്തര സ്പീക്കറെ നിയോഗിച്ച് പ്രതീകാത്മക അടിയന്തര പ്രമേയാവതരണം നടത്തിയെന്ന് സ്പീക്കർ എ.എൻ. ഷംസീറും അനുബന്ധമായി ചേർത്തു. പ്രതിപക്ഷത്തുനിന്ന് പ്രതിരോധം കുഞ്ഞാലിക്കുട്ടിയുടേതായിരുന്നു. സഭാധ്യക്ഷൻ പ്രതിപക്ഷത്തെ വിളിച്ച് സംസാരിക്കണ്ടേ. ലോക്സഭയിൽപോലും സഭ നിർത്തിവെച്ച് ഇടയ്ക്ക് ചർച്ച നടത്താറില്ലേയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ആദ്യഘട്ടത്തിൽ മുദ്രാവാക്യം മുഴക്കാതെ കുത്തിയിരിപ്പ് സമരം മാത്രമായിരുന്നെങ്കിൽ ആറാം മിനിറ്റിൽ അതും തുടങ്ങി. മന്ത്രിമാർ ഇരിക്കുന്നതിന് തൊട്ടടുത്ത് പ്രതിഷേധക്കാരും ഇരുന്നതോടെ മന്ത്രിമാരുടെ ഉത്തരങ്ങളെക്കാൾ മൈക്കിലൂടെ ഉയർന്നുകേട്ടത് പ്രതിപക്ഷ മുദ്രാവാക്യങ്ങളായിരുന്നു. കോൺഗ്രസിലെയും ലീഗിലെയും ആഭ്യന്തരപ്രശ്നങ്ങൾ പുറത്തുവരാതിരിക്കാനാണ് പ്രതിപക്ഷം സഭയെ കരുവാക്കുന്നതെന്ന് മുഹമ്മദ് മുഹ്സിനും ഇത് സ്പോൺസേർഡ് സമരമെന്ന് ഗണേഷ്കുമാറും വിളിച്ചുപറഞ്ഞു. ബഹളമുയർന്ന് മന്ത്രിമാരുടെ മറുപടി പാതിവഴിയിൽ മുറിഞ്ഞതോടെ ഉത്തരം മേശപ്പുറത്തുവെക്കാൻ സ്പീക്കറുടെ നിർദേശം.
പ്രതിഷേധം കനത്തതോടെ പഴയ റൂളിങ്ങുമായി മന്ത്രി എം.ബി. രാജേഷ് എഴുന്നേറ്റു. റൂളിങ്ങിന്റെ നഗ്നമായ ലംഘനമാണ് പ്രതിപക്ഷ നേതാവിന്റെ കാർമികത്വത്തിൽ സഭക്കകത്തും പുറത്തും നടക്കുന്നതെന്ന് രാജേഷ് പറഞ്ഞു. പക്ഷേ, പ്രതിഷേധത്തിന് അയവ് വരാഞ്ഞതോടെ സ്പീക്കർതന്നെ താക്കീതുമായി രംഗത്തെത്തി. അതിലും വഴങ്ങാതെ വന്നതോടെയാണ് നടപടികൾ വെട്ടിച്ചുരുക്കുന്നതിലേക്ക് ചെയർ കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.