വിദ്യാർഥി സംഘർഷം: മഹാരാജാസ് കോളജ് പ്രിൻസിപ്പലിന് സ്ഥലംമാറ്റം

കൊച്ചി: വിദ്യാർഥി സംഘർഷങ്ങൾക്കിടെ, എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയിക്ക് സ്ഥലംമാറ്റം. പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളജിലേക്കാണ് മാറ്റിയത്.

കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റ ഉത്തരവ്. കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടും സംഘർഷാവസ്ഥക്ക് അയവുവന്നിട്ടില്ല.

വ്യാഴാഴ്ച രാത്രി ആൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ സംഘം യൂനിറ്റ് പ്രസിഡന്‍റ് നിയാസിന്‍റെ മുറി കുത്തിത്തുറന്ന് സർട്ടിഫിക്കറ്റുകൾക്ക് തീയിട്ടതായി കെ.എസ്.യു നേതൃത്വം അറിയിച്ചു. നിയാസിനൊപ്പം 35ാം നമ്പർ മുറിയിൽ താമസിക്കുന്ന കെ.എസ്.യു യൂനിറ്റ് ഭാരവാഹി ജുനൈസിന്‍റെ സർട്ടിഫിക്കറ്റുകളാണ് കത്തിനശിച്ചത്.

കായികതാരമായ ജുനൈസിന്‍റെ ദേശീയ ചാമ്പ്യൻഷിപ്പിലടക്കം പങ്കെടുത്തതിന്‍റെ സർട്ടിഫിക്കറ്റുകൾ നശിച്ചതിൽപെടുന്നു. ഇതിന് പിന്നിൽ എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് കെ.എസ്.യു ആരോപിച്ചു. പ്രിൻസിപ്പൽ, ഹോസ്റ്റൽ വാർഡൻ, എറണാകുളം സെൻട്രൽ പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

എസ്.എഫ്.ഐ, കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവങ്ങൾ, ആശുപത്രിയിൽ എസ്.എഫ്.ഐ നടത്തിയ അതിക്രമം എന്നിവയിൽ കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടരുകയാണ്. എസ്.എഫ്.ഐ പ്രവർത്തകൻ നാസിർ അബ്ദുൽ റഹ്മാനെ അക്രമിച്ച കേസിൽ അറസ്റ്റിലായ എട്ടാം പ്രതിയും മൂന്നാം വര്‍ഷ എന്‍വയണ്‍മെന്‍റല്‍ കെമിസ്ട്രി വിദ്യാര്‍ഥിയുമായ കെ.എസ്.യു പ്രവർത്തകൻ ഇജിലാലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കോളജിന് പുറത്തും ആശുപത്രിയിലും ആംബുലൻസിലും അക്രമിക്കപ്പെട്ട ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവർത്തകൻ ബിലാലിനെ വിദഗ്ധ ചികിത്സക്ക് ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചു. ഐ.സി.യുവിൽ കഴിയുന്ന ബിലാലിന്‍റെ ദേഹമാസകലം കത്തികൊണ്ടുള്ള മുറിവും തോളെല്ലിന് പൊട്ടലും നെഞ്ചിന് മുറിവുമുണ്ട്. മഹാരാജാസിലെ അക്രമത്തിനെതിരെ സിറ്റി പൊലീസ് കമീഷണർക്ക് ഫ്രറ്റേണിറ്റി പരാതി നൽകി. സംഘടനയുടെ നേതൃത്വത്തിൽ എറണാകുളം വഞ്ചിസ്ക്വയറിൽനിന്ന് കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

Tags:    
News Summary - Student conflict: Maharajas College principal got Transfer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.