കോട്ടയം: കൂട്ടുകാരിയുടെ മൃതദേഹം സംസ്കരിക്കാൻ സ്വന്തം വീട്ടുവളപ്പിൽ സ്ഥലം വിട്ടുനൽകി വിദ്യാർഥിനി. കോട്ടയം കൊല്ലാട് വട്ടക്കുന്നേൽ ഇരട്ടപ്ലാംമൂട്ടിൽ ഇ.ആർ. രാജീവിന്റെ മകൾ കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർഥിനിയുമായിരുന്ന രസികയുടെ (15) മൃതദേഹമാണ് കൂട്ടുകാരി ശ്രീക്കുട്ടിയുടെ വീട്ടുവളപ്പിൽ സംസ്കരിച്ചത്. അയൽവാസിയായ ശശി-ഓമന ദമ്പതികളുടെ മകളാണ് ശ്രീക്കുട്ടി.
മഞ്ഞപ്പിത്തംമൂലം ഞായറാഴ്ച വൈകീട്ട് 7.30നാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രസികയുടെ ആകസ്മികമരണം. രസികയുടെ മരണം കൊല്ലാട് ഗ്രാമത്തെയാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു. രണ്ട് സെന്റ് സ്ഥലം മാത്രമുള്ള രാജീവും കുടുംബവും മകളുടെ മൃതദേഹം സംസ്കരിക്കാൻ മാർഗമില്ലാതെ വിഷമിച്ചു. പൊതുശ്മശാനത്തിൽ സംസ്കാരം നടത്തുന്നതിൽ ഇവർ തൃപ്തരല്ലായിരുന്നു. ഈ സമയത്താണ് അയൽക്കാരിയായ ശ്രീക്കുട്ടി രക്ഷിതാക്കളുമായി ആലോചിച്ച് സ്ഥലം വിട്ടുനൽകാൻ തയാറായത്.
കുടുംബാംഗത്തെപോലെ കഴിഞ്ഞുവന്നിരുന്ന രസികക്കുവേണ്ടി തങ്ങളുടെ നാല് സെന്റ് പുരയിടത്തിൽ ഒരുഭാഗത്ത് ചിതയൊരുക്കാൻ സ്ഥലം വിട്ടുനൽകാൻ ഡിഗ്രി പഠനം കഴിഞ്ഞ ശ്രീക്കുട്ടി മാതാപിതാക്കളിൽ സമ്മർദം ചെലുത്തി. ഇതോടെ ഇവരും സ്ഥലം വിട്ടുനൽകാൻ തയാറാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.