തൃശൂർ: ഖാർകീവിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച വാർത്ത ഇടിത്തീ പോലെ വന്നു പതിച്ചതിന്‍റെ വിറയൽ സുമി യൂനിവേഴ്സിറ്റി എം.ബി.ബി.എസുകാരുടെ ഹോസ്റ്റലിൽ അഭയം തേടിയവർക്ക് പോയിട്ടില്ല.
സുമി നാഷണൽ അഗ്രേറിയൻ യൂനിവേഴ്സിറ്റിയിൽ വെറ്ററിനറി മെഡിസിന് പഠിക്കുന്ന തൃശൂർ മുടിക്കോട് സ്വദേശി ആദിൽ അബ്ദുൽ ജബ്ബാർ അടങ്ങുന്ന എട്ടംഗ ഇന്ത്യൻ സംഘം എട്ടു കിലോമീറ്റർ നടന്നാണ് എം.ബി.ബി.എസുകാരുടെ ഹോസ്റ്റലിൽ എത്തിയത്. ഇവിടെ 300ഓളം മലയാളികളടക്കം 480 ഇന്ത്യക്കാരുണ്ട്. തിങ്കളാഴ്ച കാര്യമായ റഷ്യൻ ആക്രമണം നടന്നില്ലെങ്കിലും ചൊവ്വാഴ്ച വീണ്ടും ശക്തമായ ആക്രമണം തുടങ്ങി. ''പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. ഭക്ഷണം തീർന്നു തുടങ്ങി. തൊട്ടടുത്ത ഭക്ഷണം കിട്ടുന്ന എ.ടി.ബി സ്റ്റോറിൽ ഇനി ബാക്കി ഏതാനും ബ്രഡുകൾ മാത്രം''- ആദിൽ അബ്ദുൽ ജബ്ബാർ 'മാധ്യമ'ത്തോട് പറഞ്ഞു.
ഒന്നിനുപിറകെ ഒന്നായി ആക്രമണം നടക്കുന്നുണ്ട്. ജാഗരൂകരായി ഇരിക്കാനും പുറത്തിറങ്ങരുതെന്നുമുള്ള നിർദേശം എംബസിയിൽ നിന്നെത്തിയിട്ടുണ്ട്. അതിനാൽ ബങ്കറിൽ തന്നെയാണ് ഭൂരിഭാഗം സമയവും ചെലവിട്ടത്. റസ്ക്യൂ ഓപറേഷൻ നടപടി സംബന്ധിച്ച് എംബസിയിൽനിന്ന് അറിയിപ്പുകളൊന്നും വന്നിട്ടില്ല. ഇവർ നിൽക്കുന്നതിന്‍റെ അടുത്തുള്ള അതിർത്തി റഷ്യയുടെതാണ്. ഒന്നര മണിക്കൂറിലേറെ യാത്രയേ ഇവിടെ നിന്നുള്ളൂ. തുറന്ന അതിർത്തികളായ ഹംഗറി, റുമേനിയ, പോളണ്ട് എന്നിവിടങ്ങളിലെത്തണമെങ്കിൽ യുദ്ധം രൂക്ഷമായ ഖാർകീവും കിയവും കടന്നുപോകണം.
അതിന് ആരും മുതിരില്ല. മാത്രമല്ല റഷ്യൻ സേന ജനവാസ മേഖലയിൽ ചൊവ്വാഴ്ച രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. ഈ സാഹചര്യത്തിൽ റഷ്യയുമായി കിഴക്കൻ അതിർത്തി തുറന്നുകിട്ടാനുള്ള ചർച്ചകളാണ് ആവശ്യം. അതിന് നടപടി സ്വീകരിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.
എറിയാട്: യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്ന് രക്ഷതേടി നാട്ടിലേക്ക് തിരിച്ച വിദ്യാർഥികളുടെ സംഘത്തിൽ ഒന്നാംവർഷ മെഡിക്കൽ വിദ്യാർഥിനി എറിയാട് സ്വദേശിനി നേഹ സക്കീറും. യുക്രെയ്നിലെ തെക്കുകിഴക്കൻ സാപ്റോഷ്യയിൽ നിന്നാണ് നേഹ അടക്കം 1200ഓളം വിദ്യാർഥികൾ ഉൾപ്പെടുന്ന സംഘം ട്രെയിൻ മാർഗം പുറപ്പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് ഹംഗറിയുടെ അതിർത്തിയിലേക്ക് കടക്കുന്ന ലിവീവിലെത്തിയതായി വിവരം ലഭിച്ചു.
ഇവിടെനിന്ന് അതിർത്തി കടക്കാൻ 15 കിലോമീറ്റർ നടക്കണം. ഹംഗറിയിലേക്കുള്ള യാത്രയിൽ യാത്രരേഖകൾക്കൊപ്പം രണ്ടോ മൂന്നോ ദിവസത്തേക്കുള്ള ഭക്ഷണവും അത്യാവശ്യ വസ്ത്രങ്ങളും മാത്രമാണ് കരുതലുള്ളത്. സെസ്മു സാപ്റോഷ്യ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റി വിദ്യാർഥികളായ മറ്റു ചില എറിയാട് സ്വദേശികളായ കുട്ടികളുമുണ്ട്. നോർക്കയിൽ പേര് രജിസ്റ്റർ ചെയ്തിരുന്നതിനെ തുടർന്ന് ജില്ല കലക്ടർ ഹരിത വി. കുമാർ ഫോണിൽ ബന്ധപ്പെട്ട് കുടുംബത്തെ ആശ്വസിപ്പിക്കുകയും കുട്ടികളെ നാട്ടിലെത്തിക്കാനുള്ള സർക്കാർ നടപടി അറിയിക്കുകയും ചെയ്തതായി നേഹയുടെ മാതാവ് അധ്യാപികയായ സഗീന പറഞ്ഞു.
തൃശൂർ: നീണ്ട യാതനക്കൊടുവിൽ അവർ മാതൃരാജ്യമണഞ്ഞു. യുക്രെയ്നിലെ വിന്നിസ്റ്റിയ മെഡിക്കല്‍ യൂനിവേഴ്സിറ്റിയില്‍ മൂന്നാം വർഷ വിദ്യാർഥിനിയായ എഡ്ന ജോഷിയടങ്ങുന്ന സംഘമാണ് ഹംഗറിയിൽനിന്നുള്ള വിമാനത്തിൽ ഡൽഹിയിലെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് 2.10നായിരുന്നു യൂനിവേഴ്സിറ്റിയിലെ 14 മലയാളികളടങ്ങുന്ന സംഘമെത്തിയത്. തൃശൂർ ചിയ്യാരം എടക്കളത്തൂര്‍ വീട്ടില്‍ റോസ് വില്ലയില്‍ ജോഷി ജോണിന്‍റെയും ഭാര്യ ബൈജി ജോഷിയുടെയും മകളാണ് എഡ്ന. യൂനിവേഴ്സിറ്റിയിൽനിന്ന് അതിർത്തികൾ കയറിയിറങ്ങിയുള്ള ദുരിത ദിനങ്ങളായിരുന്നു ഈ സംഘം പിന്നിട്ടത്.
ഹോസ്റ്റലിൽനിന്ന് പോളണ്ട് അതിർത്തിയായ ലിവീവ് ലക്ഷ്യമിട്ടായിരുന്നു ആദ്യയാത്ര. ഒമ്പത് മണിക്കൂർ യാത്ര കഴിഞ്ഞ് അവിടെനിന്ന് അതിർത്തി കടക്കാനാവില്ലെന്ന് കണ്ട് ഖോസ്റോവിലേക്ക്. അവിടെനിന്ന് നാല് മണിക്കൂർ യാത്രക്ക് ശേഷം സ്ലോവാക്യൻ അതിർത്തിയിലെത്തി. യുക്രെയ്ൻ പട്ടാളം അനുവദിക്കാത്തതിനാൽ ഹംഗറി അതിർത്തിയിലേക്ക്. നീണ്ട കാത്തിരിപ്പിനൊടുവിൽ ഹംഗറിയിലേക്ക് ബസ് മാർഗം കടന്നു. തുടർന്ന് വിമാനമാർഗം ഡൽഹിയിലേക്ക്. ഉടൻ നാട്ടിലെത്താൻ സൗകര്യമൊരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ജോഷി ജോൺ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.