തിരുവനന്തപുരം: സംസ്ഥാനത്തുനിന്നുള്ള എം.പി മാരുടെയും ഗ്രൂപ് നേതൃത്വങ്ങളുടെയും ആവശ്യത്തിന് ഒടുവിൽ കെ.പി.സി.സി നേതൃത്വം വഴങ്ങി. ഹൈകമാൻഡ് മുൻകൈയെടുത്ത് എം.പിമാരുമായി നടത്തിയ ഡൽഹി ചർച്ചയിലെ ധാരണപ്രകാരം സംസ്ഥാനത്ത് പാർട്ടി പുനഃസംഘടനക്ക് ഏഴംഗ ഉപസമിതി രൂപവത്കരിച്ചു. എല്ലാ ഗ്രൂപ്പുകൾക്കും ഗ്രൂപ് രഹിതർക്കും പ്രാതിനിധ്യം ഉറപ്പുവരുത്തിയുള്ളതാണ് ഉപസമിതി. സമിതി രൂപവത്കരണം സംബന്ധിച്ച വാർത്തക്കുറിപ്പ് കെ.പി.സി.സി ബുധനാഴ്ച പുറത്തിറക്കി.
ഡി.സി.സി, ബ്ലോക്ക് പുനഃസംഘടനക്കായുള്ള ഉപസമിതിയിൽ കെ.സി. ജോസഫ്, ജോസഫ് വാഴക്കൻ, കൊടിക്കുന്നിൽ സുരേഷ്, എ.പി. അനിൽ കുമാർ, ടി. സിദ്ദീഖ്, എം. ലിജു, കെ. ജയന്ത് എന്നിവരാണ് അംഗങ്ങൾ. ജില്ലകളിൽനിന്ന് കെ.പി.സി.സിക്ക് കൈമാറിയ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും കരട്പട്ടികയിൽനിന്ന് അന്തിമപട്ടിക രൂപവത്കരിക്കുകയാണ് ഉപസമിതി ദൗത്യം. അന്തിമപട്ടിക 10 ദിവസത്തിനകം കെ.പി.സി.സിക്ക് കൈമാറണമെന്നാണ് കെ. സുധാകരന്റെ നിർദേശം.
ഡി.സി.സികളിൽനിന്ന് ലഭിക്കുന്ന കരട് ഭാരവാഹിപട്ടിക അന്തിമമാക്കാൻ സംസ്ഥാനതലത്തിൽ സമിതി വേണമെന്ന ആവശ്യം ഗ്രൂപ് നേതൃത്വങ്ങൾ തുടക്കംമുതൽ ഉന്നയിച്ചിരുന്നു. എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ ഒന്നരമാസംമുമ്പ് സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിൽ സംസ്ഥാനതലത്തിൽ സമിതി രൂപവത്കരിക്കാൻ ധാരണയുണ്ടായി. എന്നാൽ, കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും പിന്നീട് ഈ ധാരണയിൽനിന്ന് പിന്മാറി. അത്തരത്തിലൊരു സമിതി ഉണ്ടാകുന്നത് പാർട്ടി സംസ്ഥാന നേതൃത്വത്തെ ദുർബലപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം.
എന്നാൽ, ഭാരവാഹികളെ തീരുമാനിക്കാനുള്ള അധികാരം ചിലരിൽ മാത്രം കേന്ദ്രീകരിക്കുന്നതിനോട് വിയോജിപ്പുള്ള ഗ്രൂപ് നേതൃത്വങ്ങൾ സംസ്ഥാനതല സമിതി രൂപവത്കരിക്കാതെ പുനഃസംഘടനയുമായി സഹകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതോടെ പാർട്ടി പുനഃസംഘടനയുടെ താളംതെറ്റുകയും പരസ്യവിഴുപ്പലക്കൽ തുടങ്ങുകയും ചെയ്തു. അതിനിടെ കെ. മുരളീധരനും എ.കെ. രാഘവനും നേതൃത്വത്തിനെതിരെ പരസ്യവിമർശനവും ഉന്നയിച്ചു. കാര്യങ്ങൾ കൈവിട്ടുപോകുന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ഹൈകമാൻഡ് ഇടപെടുകയും എം.പിമാരുമായി ഡൽഹിയിൽ ചർച്ച നടത്തുകയും ചെയ്തത്. പാർട്ടി പുനഃസംഘടനക്ക് സംസ്ഥാനതലത്തിൽ ഉപസമിതി രൂപവത്കരിക്കാമെന്ന ധാരണയുണ്ടായി. സമിതിയെ കെ.പി.സി.സി പ്രസിഡന്റ് നിയോഗിക്കണമെന്നും നിശ്ചയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.