തി​രൂ​ർ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സ് അ​റ്റ​ൻ​ഡ​ർ ബാ​ബു​രാ​ജി​നെ വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടു​ന്നു

കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാർ ഓഫിസ് ജീവനക്കാരൻ പിടിയിൽ

തിരൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തിരൂർ സബ് രജിസ്ട്രാർ ഓഫിസ് അറ്റൻഡറെ കൈയോടെ പിടികൂടി വിജിലൻസ്. അറ്റൻഡർ ബാബുരാജാണ് 1000 രൂപ കൈക്കൂലി വാങ്ങവെ വ്യാഴാഴ്ച വിജിലൻസ് പിടികൂടിയത്.ചെറിയമുണ്ടം സ്വദേശി ഗിരീഷ് കുമാര്‍ തറവാട് വക സ്ഥലത്തിന്റെ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിക്കാൻ ഓണ്‍ലൈനായി ഫീ അടച്ചശേഷം പകര്‍പ്പിനായി സമീപിച്ചപ്പോഴാണ് ബാബുരാജ് കൈക്കൂലി ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ ചെന്നപ്പോഴാണ് 1000 രൂപ കൈക്കൂലി തന്നാൽ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കാമെന്ന് പറഞ്ഞത്.

പരാതിക്കാരന്‍ ഈ വിവരം മലപ്പുറം വിജിലന്‍സ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഫിറോസ്‌ എം. ഷഫീഖിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദേശാനുസരണം വിജിലന്‍സ് കെണി ഒരുക്കുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ 11.15ന് തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസിൽവെച്ച് ബാബുരാജ്‌ പരാതിക്കാരനില്‍നിന്ന് കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.

മാസങ്ങൾക്കുമുമ്പ് പൊലീസ് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ബാബുരാജിന്റെ കൈവശം കണക്കിൽപെടാത്ത 500 രൂപ പിടികൂടിയിരുന്നു.അന്ന് താക്കീത് ചെയ്യുകയാണുണ്ടായത്. വിജിലൻസ് മലപ്പുറം യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഫിറോസ്‌ എം. ഷഫീക്കിനെ കൂടാതെ ഇന്‍സ്പെക്ടര്‍മാരായ ജ്യോതീന്ദ്ര കുമാര്‍, വിനോദ്, ജിമ്സ്റ്റെല്‍, സബ് ഇൻസ്പെക്ടർമാരായ സജി, ശ്രീനിവാസന്‍, മോഹന്‍ദാസ്, മോഹനകൃഷ്ണന്‍, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സലീം, ഹനീഫ, എസ്.സി.പി.ഒമാരായ ജിപ്സ്, വിജയകുമാര്‍, രാജീവ്‌, പ്രശോഭ്, സി.പി.ഒമാരായ സുബിന്‍, ശ്യാമ, ഡ്രൈവര്‍ ഷിഹാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കി.

Tags:    
News Summary - Sub-registrar office employee arrested while accepting bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.