സുധാകരന്റെ മനസ്സ് ബി.ജെ.പിക്കൊപ്പം; കോൺഗ്രസ് നേതാക്കൾ പാർട്ടിയിലേക്ക് വരാത്തത് ഓഫറുകൾ നൽകാത്തതിനാൽ -കെ. സുരേന്ദ്രൻ

കൊച്ചി: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആർ.എസ്.എസ് അനുകൂല പരാമർശത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സുധാകരന്റെ മനസ്സ് ബി.ജെ.പിക്കൊപ്പമാണെന്നും സമാന ചിന്താഗതിക്കാർ കോൺ​ഗ്രസിൽ ഒരുപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് വേറെ ഓപ്ഷൻ ഇല്ല. ജനങ്ങൾ അവരെ കൈയൊഴിയുകയാണ്. കെ. സുധാകരന്റെ അഭിപ്രായം മറ്റ് നേതാക്കൾക്കുമുണ്ട്. കെ.പി.സി.സി പ്രസിഡന്റിനെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്നില്ല. പക്ഷെ അവർ അരക്ഷിതരാണ്. ഇവിടെ ഓഫറുകൾ ഒന്നും നൽകാനില്ലാത്തതിനാലാണ് കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് വരാത്തത്. പദവികൾ നൽകാൻ കഴിയുമെങ്കിൽ സ്ഥിതി മറിച്ചാകുമായിരുന്നു.

കെ. സുധാകരനെ ചാരി ലീഗ് ഇടതു മുന്നണിയിലേക്ക് പോകാൻ ശ്രമിക്കുകയാണ്. ലീഗ് കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ എന്തിനാണ് അഭിപ്രായം പറയുന്നതെന്നും ലീഗ് ആണോ കോൺഗ്രസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സുരേന്ദ്രൻ ചോ​ദിച്ചു.

കെ.എസ്‍.യു നേതാവായിരിക്കെ സി.പി.എം ആക്രമണങ്ങളില്‍നിന്ന് ആർ.എസ്‍.എസ് ശാഖകള്‍ക്ക് താന്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്‍റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. യു.ഡി.എഫിനുള്ളിൽ തന്നെ ഇത് കടുത്ത അതൃപ്തിയുണ്ടാക്കി. ഇതിന് പിന്നാലെയാണ് ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമ‌ർശങ്ങളും വിവാദമായത്. വർഗീയ ഫാഷിസത്തോട് പോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസ്സാണ് ജവഹർലാൽ നെഹ്റുവിന്റേതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. ശിശുദിനത്തോടനുബന്ധിച്ച് കണ്ണൂരിൽ ഡി.സി.സി നടത്തിയ നവോത്ഥാന സദസ്സ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിവാദ പരാമർശം. ആർ.എസ്.എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ സ്വന്തം കാബിനറ്റിൽ മന്ത്രിയാക്കാൻ നെഹ്റു മനസ്സ് കാണിച്ചു. കോൺഗ്രസുകാരനല്ലാത്ത ഡോ. ബി.ആർ. അംബേദ്കറെ നിയമമന്ത്രി ആക്കിയതും നെഹ്റുവിന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന്റെ തെളിവാണ്. ഒരു നേതാവും ഇതൊന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതോടെ സുധാകരനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ സുധാകരനെതിരെ രംഗത്തുവന്നു. നെഹ്‌റുവിനെ ചാരി കെ. സുധാകരൻ തന്റെ വർഗീയ മനസ്സിനെയും ആർ.എസ്.എസ് പ്രണയത്തെയും ന്യായീകരിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കെ.പി.സി.സി പ്രസിഡന്റ് കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തിലെ കോൺഗ്രസിനെ ബി.ജെ.പിയാക്കി മാറ്റാനാണ് സുധാകരന്‍റെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും വിമർശനമുന്നയിച്ചിരുന്നു. യു.ഡി.എഫ് ഘടകകക്ഷിയായ മുസ്‍ലിംലീഗിലെ എം.കെ. മുനീർ അടക്കമുള്ള നേതാക്കളും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Sudhakaran's mind is with BJP; Congress leaders are not coming to BJP because they have no offers to make -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.