സുഗന്ധഗിരി മരംകൊള്ള: ഡി.എഫ്.ഒ ഉൾപ്പെടെ മൂന്നുപേർക്ക് കൂടി സസ്പെൻഷൻ

കൽപറ്റ: വയനാട് സുഗന്ധഗിരി വന ഭൂമിയിൽനിന്ന് മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ ഡി.എഫ്.ഒ ഉൾപ്പെടെ മൂന്നുപേർക്ക് കൂടി സസ്പെൻഷൻ. സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ ഷജന കരീം, കൽപറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം. സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഇതോടെ സസ്പെൻഷനിലാകുന്ന വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഒമ്പതായി. കൽപറ്റ റേഞ്ച് ഓഫിസർ കെ. നീതുവിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവലിനാണ് സൗത്ത് വയനാട് ഡിവിഷന്റെ താൽക്കാലിക ചുമതല. ഫ്ലൈയിങ് സ്ക്വാഡിന്റെ താൽക്കാലിക ചുമതല താമരശ്ശേരി ആർ.ഒ വിമലിനാണ്. ‌ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും രണ്ട് റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ഉന്നതതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പിന്നാലെ കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ വനം മന്ത്രി എ.കെ. ശശീന്ദ്രൻ വനം അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. വീടിന് ഭീഷണിയായ 20 മരങ്ങൾ മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ 102 മരങ്ങൾ മുറിച്ചെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മരങ്ങൾ മുറിച്ച് കടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. വനംവകുപ്പ് എടുത്ത കേസിൽ നിലവിൽ ഒമ്പത് പ്രതികളാണ് ഒള്ളത്.

ഈ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചർ ജോൺസണെ കൂടി ചേർക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. അനധികൃതമായി മരംമുറിക്കാൻ ജോൺസന്റെ ഒത്താശയുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് ശുപാർശ. പ്രതികളിൽനിന്ന് ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചു കൊടുത്തതുപോലും വനം ജീവനക്കാരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

Tags:    
News Summary - Sugandhagiri tree poaching: Suspension of three more persons including DFO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.