ചാലക്കുടി: സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടർന്ന് കാതിക്കുടത്ത് മൂന്ന് പേർ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഗുളിക കഴിച്ച് ഗുരുതരാവസ്ഥയിലായ കാതിക്കുടം മച്ചിങ്ങൽ വീട്ടിൽ തങ്കമണി (69), മകൾ ഭാഗ്യലക്ഷ്മി (46), ഭാഗ്യലക്ഷ്മിയുടെ മകൻ അതുൽ കൃഷ്ണ (10) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തങ്കമണിയുടെ നില അതിഗുരുതരമാണ്.
ഉറക്കഗുളിക അമിതമായി പായസത്തിൽ കലർത്തി കഴിച്ചനിലയിൽ കണ്ടെത്തിയ ഇവരെ ഞായറാഴ്ച രാത്രിയോടെയാണ് ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച കറുകുറ്റി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.
അതുൽ കൃഷ്ണയുടെ ചികിത്സക്ക് 19 ലക്ഷം രൂപ കാടുകുറ്റി സർവിസ് സഹകരണ ബാങ്കിൽനിന്ന് ഇവർ വായ്പയെടുത്തിരുന്നു. പലിശയടക്കം 22 ലക്ഷം രൂപയായതോടെ ബാങ്ക് ജപ്തി നടപടികളിലേക്ക് നീങ്ങി. കഴിഞ്ഞദിവസം ഇവരുടെ വീട്ടിൽ നോട്ടീസ് പതിച്ചിരുന്നു. വായ്പ തിരിച്ചടക്കാൻ വഴികാണാത്ത സാഹചര്യത്തിൽ ഇവർ ആത്മഹത്യക്ക് ശ്രമിച്ചതായാണ് പറയുന്നത്. ജപ്തി നടപടി ഒഴിവാക്കാൻ നിയമോപദേശത്തിന് അഭിഭാഷകനെ കാണാൻ പുറത്തുപോയ ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് വത്സൻ രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മൂന്ന് പേരെയും അവശനിലയിൽ കണ്ടത്.
മുമ്പ് തമിഴ്നാട്ടിലായിരുന്ന കുടുംബം 10 വർഷം മുമ്പാണ് കാടുകുറ്റിയിൽ വീട് വാങ്ങി താമസമാക്കിയത്. തങ്കമണിയുടെ ഭർത്താവിന് തമിഴ്നാട്ടിൽ ജോലിയുണ്ടായിരുന്നു.
അദ്ദേഹം മരിച്ചപ്പോൾ ഇവരുടെ മാതൃകുടുംബം കാതിക്കുടത്തുണ്ടായിരുന്നതിനാലാണ് ഇവിടെ എത്തിയത്. ഇതിനിടക്കാണ് അതുൽ കൃഷ്ണ രോഗബാധിതനായത്. ഹൃദയസംബന്ധമായ ചികിത്സക്ക് 50 ലക്ഷം രൂപയോളം ചെലവഴിച്ചു. നാട്ടുകാർ ചേർന്ന് പകുതിയിലധികം തുക സമാഹരിച്ച് നൽകിയിരുന്നതായി പറയുന്നു.
എട്ട് വർഷം മുമ്പാണ് വീടും പറമ്പും പണയം വെച്ച് കാടുകുറ്റി സർവിസ് സഹകരണ ബാങ്കിൽനിന്ന് വായ്പ എടുത്തത്. തങ്കമണിയും ഭാഗ്യലക്ഷ്മിയും രോഗബാധിതരായതിനാൽ കുടുംബം തീരാദുരിതത്തിലായിരുന്നു. കാടുകുറ്റി ബാങ്ക് ഭരണസമിതി സി.പി.എം നിയന്ത്രണത്തിലുള്ളതാണ്.
ചാലക്കുടി: കാതിക്കുടത്ത് മൂന്ന് പേർ ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നിൽ കാടുകുറ്റി സർവിസ് സഹകരണ ബാങ്ക് ജപ്തി നോട്ടീസ് അയച്ചതാണ് കാരണമെന്ന ആക്ഷേപം വസ്തുതവിരുദ്ധമാണെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ജപ്തി നോട്ടീസ് നൽകിയിട്ടില്ല, നൽകിയത് ഡിമാൻഡ് നോട്ടീസാണ്. ബാങ്ക് ഭരണസമിതി അംഗങ്ങളോ ജീവനക്കാരോ ഇവരോട് അപമര്യാദയായി പെരുമാറിയിട്ടില്ല. കുടുംബത്തിന്റെ ദുരിതങ്ങളിൽ സഹാനുഭൂതിയുണ്ട്. കോവിഡ്കാലത്തെ ബുദ്ധിമുട്ട് മനസ്സിലാക്കി ജപ്തി തുടങ്ങിയ കടുത്ത നടപടികളിലേക്ക് പോയിട്ടില്ല. എന്നാൽ, തുക തിരിച്ചടക്കാത്തതിന്റെ പ്രശ്നത്തെക്കുറിച്ച് ഇവരെ അറിയിച്ചിട്ടുണ്ട്. 2019ലാണ് ഇവർക്ക് 16 ലക്ഷം രൂപ വായ്പ നൽകിയത്. തിരിച്ചടക്കാത്തതിനെ തുടർന്ന് പലിശയടക്കം വർധിച്ച് 22 ലക്ഷം ആവുകയായിരുന്നെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.