കലക്ടർക്കെതിരായ വിമർശനങ്ങൾ സ്ത്രീവിരുദ്ധം; ശ്രീരാമിനോടുള്ള ദ്വേഷം രേണുരാജിനോട് വേണ്ടെന്ന് സുന്നി നേതാവ്

എറണാകുളം ജില്ലയിലെ സ്കൂൾ അവധിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കലക്ടർക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ ഏറെയും സ്ത്രീവിരുദ്ധവും മാന്യതക്ക് നിരക്കാത്തതുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് മാധ്യമ വക്താവും രിസാല സബ് എഡിറ്ററുമായ മുഹമ്മദലി കിനാലൂര്‍. ശ്രീറാം ​വെങ്കിട്ടരാമനോടുള്ള ദ്വേഷം ഭാര്യയായ ​കലക്ടർ രേണുരാജിനോട് പ്രയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

കഴിഞ്ഞ ദിവസം സ്കൂൾ അവധി പ്രഖ്യാപനം വൈകിയതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കലക്ടർ രേണുരാജിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയാണ് രേണുരാജ്. സോഷ്യൽ മീഡിയ കമന്റുകളിൽ പലരും ഇത് ചൂണ്ടികാണിച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്‍ലിം ജമാഅത്ത് നേരത്തെ പരസ്യമായിപ്രതിഷേധ പരിപാടികൾ നടത്തുകയും ചെയ്തിരുന്നു.   

സ്കൂൾ അവധിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ എറണാകുളം ജില്ല കലക്ടർക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പലതും അങ്ങേയറ്റം സ്ത്രീവിരുദ്ധവും അമാന്യവും ആണെന്ന് മുഹമ്മദലി കിനാലൂർ ഫേസ്ബുക്കിൽ കുറിച്ചു. 'ശ്രീരാം വെങ്കിട്ടരാമനുമായി ബന്ധപ്പെടുത്തിയും ചിലർ വിമർശിക്കുന്നത് കണ്ടു. എറണാകുളം കളക്ടറുടെ ഭർത്താവ് ആണ് ശ്രീരാം. എന്ന് കരുതി ശ്രീരാമിനോടുള്ള ദ്വേഷം രേണു രാജ്നെതിരെ പ്രയോഗിക്കുന്നത് ശരിയല്ല. അവർ ബഷീർ കേസിൽ ഏതെങ്കിലും നിലക്ക് പങ്കാളി അല്ല. കുറ്റകൃത്യത്തിലോ തെളിവ് നശിപ്പിച്ചതിലോ അവർ കുറ്റാരോപിതയല്ല. അവരുടെ ജീവിതപങ്കാളി ശ്രീരാം ആണെന്നത് അവരെ വിമർശിക്കാനുള്ള കാരണവുമല്ല.' -മുഹമ്മദലി കിനാലൂർ എഴുതി. 

ആരെ ജീവിതപങ്കാളി ആക്കണം എന്നത് അവരുടെ തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം കുറിച്ചു. 'അതിൽ മറ്റൊരാൾക്കും ഇടപെടാൻ അവകാശം ഇല്ല. സ്കൂൾ അവധി പ്രഖ്യാപനം വൈകിയതും അവരുടെ സ്വകാര്യജീവിതവും കൂട്ടികുഴച്ചുള്ള വിമർശങ്ങൾ അതിരുകടന്നതാണ് ' -മുഹമ്മദലി കിനാലൂർ എഴുതി. 

Tags:    
News Summary - Sunni leader to support Ernakulam collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.