വിലവര്‍ധന നിയന്ത്രിക്കാന്‍ കൂടുതല്‍ അരിക്കടകള്‍ തുടങ്ങും –സപ്ലൈകോ

കൊച്ചി: വര്‍ധിച്ചുവരുന്ന അരിവില നിയന്ത്രിക്കാന്‍ കൂടുതല്‍ അരിക്കടകള്‍ തുടങ്ങുമെന്ന് സപൈ്ളകോ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു. സംസ്ഥാനത്തുടനീളം അരിയും പഞ്ചസാരയും ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ നടപടിയെടുത്തിട്ടുണ്ട്. ഏറ്റവുമധികം ആവശ്യക്കാരുള്ള ജയ അരിക്കാണ് വില വര്‍ധിച്ചിരിക്കുന്നത്. കുറുവ അരിക്ക് ക്ഷാമമില്ല. ഇത് 25 രൂപ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്. 23 രൂപ നിരക്കില്‍ പച്ചരിയും ലഭ്യമാക്കുന്നുണ്ട്.

ജയ, മട്ട എന്നീ ഇനങ്ങള്‍ക്കായി ജനുവരി മുതല്‍ ഇതുവരെ നാലു ടെന്‍ഡറുകള്‍ നടത്തി. ഉല്‍പാദന  സംസ്ഥാനങ്ങളില്‍ പരസ്യം നല്‍കുകയും ചെയ്തു. 5.6 ലക്ഷം ക്വിന്‍റല്‍ ജയയും 5.4 ലക്ഷം ക്വിന്‍റല്‍ മട്ടയും വാങ്ങി. ഗുജറാത്ത്, ഝാര്‍ഖണ്ഡ് ഇനം ജയയും എഫ്.സി.ഐയില്‍നിന്ന് ലഭിക്കുന്ന പുഴുക്കലരിയും കുറുവയും സപൈ്ളകോ വില്‍പനശാലകളില്‍ ലഭ്യമാക്കി ജയ, മട്ട എന്നിയുടെ കുറവ് നികത്തുന്നുണ്ട്. കുട്ടനാടന്‍ മട്ട അരി കിലോക്ക് 33 രൂപ നിരക്കില്‍ ലഭ്യമാക്കുന്നുണ്ട്.  

ഉത്തരേന്ത്യയിലെ കടുത്ത വരള്‍ച്ചയില്‍ കരിമ്പ്കൃഷി നശിച്ചതിനാല്‍ പഞ്ചസാരവില രാജ്യത്തുടനീളം വര്‍ധിച്ചിട്ടുണ്ട്. സപൈ്ളകോ 40 രൂപയിലധികം നല്‍കി വാങ്ങുന്ന പഞ്ചസാര 22 രൂപ നിരക്കില്‍ സബ്സിഡിയോടുകൂടി വിതരണം ചെയ്യുന്നു. 40,000 ക്വിന്‍റല്‍ പഞ്ചസാരയാണ് മാസംതോറും വന്‍തുക നഷ്ടം സഹിച്ച് വിതരണം ചെയ്യുന്നത്.

സബ്സിഡി നിരക്കില്‍ നല്‍കിവരുന്ന നിത്യോപയോഗ സാധനങ്ങളായ ചെറുപയര്‍, കടല, വന്‍പയര്‍, മുളക്, മല്ലി, ഉഴുന്ന്, തുവരപ്പരിപ്പ്, തുടങ്ങിയവക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഗണ്യമായ വിലക്കുറവുണ്ടെന്നും സപൈ്ളകോ എം.ഡി അവകാശപ്പെട്ടു. സപൈ്ളകോയില്‍ ലഭ്യമായ അരി, സബ്സിഡി നിരക്ക്, അഞ്ച് കിലോക്ക് മുകളില്‍ വാങ്ങുന്നതിനുള്ള നിരക്ക് എന്ന ക്രമത്തില്‍: പച്ചരി 23, 26.50; പുഴുക്കലരി 25, 26.50; മട്ട 24, 34.50; ജയ (ആന്ധ്ര) 25, 37; ജയ (ആന്ധ്ര ഒഴികെ) 25, 33; കുറുവ 25, 33; പഞ്ചസാര 22, 40.50; കുട്ടനാടന്‍ മട്ട അരി 33 (അഞ്ച് കിലോക്ക് മുകളില്‍).

 

Tags:    
News Summary - supplyco rice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.