തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ ഭക്ഷ്യധാന്യ വിതരണത്തിൽനിന്ന് നിർവഹണ ഏജൻസിയായ സപ്ലൈകോയെ സർക്കാർ ഒഴിവാക്കുന്നു. വൻ സാമ്പത്തികബാധ്യതയും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും ചൂണ്ടിക്കാട്ടിയാണ് റേഷൻ സാധനങ്ങൾ ഏറ്റെടുക്കുന്നതിൽനിന്നും വാതിൽപടി വിതരണത്തിൽനിന്നും സപ്ലൈകോയെ ഒഴിവാക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് ധനവകുപ്പിന് കൈമാറി. ധനവകുപ്പിന്റെ അംഗീകാരമാവുന്ന മുറക്ക് വാതിൽപടി വിതരണവും ഗോഡൗൺ നവീകരണവും ജീവനക്കാരുടെ ശമ്പള ബാധ്യതയും പൊതുവിതരണ വകുപ്പ് ഏറ്റെടുക്കും.
എഫ്.സി.ഐയിൽനിന്ന് സാധനങ്ങൾ ഏറ്റെടുക്കുക, ഗോഡൗണിൽ എത്തിക്കുക, വാതിൽപടി വിതരണം, ഗതാഗത കൈകാര്യ ചെലവ്, ശമ്പളം, ഗോഡൗൺ വാടക, ഗോഡൗൺ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ തുടങ്ങിയ ഇനങ്ങളിൽ പ്രതിവർഷം 288 കോടിയാണ് സർക്കാറിന് ചെലവ്. പലപ്പോഴും ഈ തുക ലഭിക്കാൻ വൈകുന്നതിനാൽ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കരുതിയ തുകയിൽനിന്ന് സപ്ലൈകോ വകമാറ്റും.
ബിൽ സമർപ്പിക്കുന്ന മുറക്ക് തുക സർക്കാർ സപ്ലൈകോക്ക് കൈമാറും. എന്നാൽ, അഞ്ചുവർഷമായി കൃത്യമായ കണക്കുകൾ സപ്ലൈകോ സർക്കാറിന് സമർപ്പിച്ചിട്ടില്ല. ഇതുമൂലം കേന്ദ്രസർക്കാറിൽ നിന്ന് ലഭിക്കേണ്ട വിഹിതവും സമയബന്ധിതമായി നേടിയെടുക്കാൻ കേരളത്തിനാകുന്നില്ല. 2017-18 വരെയുള്ള കേന്ദ്രസഹായം മാത്രമാണ് ഇതുവരെ ലഭിച്ചത്. കേന്ദ്രവിഹിതം യഥാസമയം ലഭിക്കാത്തത് കടുത്ത സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിനുണ്ടാക്കിയത്. സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധിയുടെ പിന്നിലും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണെന്നാണ് ധനവകുപ്പിന്റെ ആരോപണം.
സർക്കാർ അനുവദിക്കുന്ന തുക ഏത് തരത്തിലാണ് ചെലവഴിക്കുന്നതെന്ന ഇനം തിരിച്ച കണക്ക് സപ്ലൈകോ നൽകാറില്ല. പകരം ആകെ തുക രേഖപ്പെടുത്തിയ ബില്ലുകളാണ് ധന, ഭക്ഷ്യ വകുപ്പുകൾക്ക് സമർപ്പിക്കുന്നത്. സപ്ലൈകോയുടെ ഗതാഗത ബില്ലുകളിൽ സുതാര്യതയില്ലെന്നു കാണിച്ച് ഭക്ഷ്യസെക്രട്ടറിയും അക്കൗണ്ടന്റ് ജനറലും സർക്കാറിന് കത്ത് നൽകിയിരുന്നു.
ഭക്ഷ്യഭദ്രത നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ, ഗോഡൗൺ വാടക, കയറ്റിറക്ക് കൂലി എന്നിവ ക്രോഡീകരിച്ചുള്ള വാർഷിക കണക്കുകളിൽ വ്യക്തയില്ലാത്തതിനാൽ കേന്ദ്രവും കേരളത്തിനുള്ള പണം തടഞ്ഞുവെച്ചിരിക്കുകയാണ്. റേഷൻ വിതരണം ഏറ്റെടുക്കുന്നതിലൂടെ പ്രതിവർഷം 5.07 കോടി സർക്കാറിന് ലാഭിക്കാൻ കഴിയുമെന്നാണ് പൊതുവിതരണ വകുപ്പിന്റെ റിപ്പോർട്ട്. വാതിൽപടി വിതരണത്തിൽ നിന്ന് സപ്ലൈകോ പിന്മാറുമ്പോൾ ഈ തുക ബജറ്റിൽ കണ്ടെത്തേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.